Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനുമില്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ, 6 മാസം തടവ്

തിരുവനന്തപുരം: കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെയാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.

2011 ഓഗസ്റ്റ് അഞ്ചിന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളില്‍ കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി. മാര്‍ച്ചിനുശേഷം 2300 റജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും റജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലര്‍ക്കും നിയമത്തെക്കുറിച്ച് ധാരണയില്ല.

12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനു താഴെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്ത് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതില്‍ വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും. മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയില്‍ ശിക്ഷയും പിഴയും. ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ. ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ.