Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കൈത്തറിയുടെ കഥ പറയാന്‍ കണ്ണൂരില്‍ പൈതൃക മന്ദിരവും മ്യൂസിയവും തയ്യാറാവുന്നു

കണ്ണൂര്‍: കൈത്തറിയുടെ വികാസപരിണാമങ്ങളുടെ കഥ പറയാന്‍ കണ്ണൂരില്‍ ഒരു പൈതൃക മന്ദിരവും മ്യൂസിയവും രൂപം കൊള്ളുന്നു. മ്യൂസിയം വകുപ്പിന്റെ കീഴിലാണ് കൈത്തറി മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് മ്യൂസിയം സജ്ജീകരണം നടത്തുന്നത്.

മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് ഇന്‍ഡോ-യൂറോപ്യന്‍ വാസ്തു മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഹാന്‍വീവ് കെട്ടിടം. 1957 വരെ കണ്ണൂര്‍ കലക്ട്രേറ്റ് പ്രവര്‍ത്തിച്ചിരുന്നതാണ് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ല്‍ കെട്ടിടം ഹാന്‍വീവിന് കൈമാറുകയായിരുന്നു. ഹാന്‍വീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാന്‍ തീരുമാനമായത്.

സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ പൈതൃക ഭാവങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് പുരാവസ്തു വകുപ്പ് സംരക്ഷിച്ചിട്ടുള്ളത്. പുരാവസ്തു വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗമാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മേല്‍ക്കൂര പൂര്‍ണ്ണമായും ബലപ്പെടുത്തി. ചോര്‍ച്ചകള്‍ പരിഹരിച്ചു, പഴയ തറയോടുകള്‍ സംരക്ഷിച്ചു, തടി കൊണ്ടുള്ള മച്ചുകളും ഗോവണികളും ബലപ്പെടുത്തി. 1980 ല്‍ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.

മ്യൂസിയങ്ങളെ അന്താരാഷ്ട്ര മ്യൂസിയം സങ്കല്പങ്ങള്‍ക്കനുസരിച്ച് ‘കഥപറയുന്ന മ്യൂസിയങ്ങള്‍’ അഥവാ തീമാറ്റിക്ക് ആക്കി മാറ്റുക എന്ന ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. മ്യൂസിയം സജ്ജീകരണം ഉടന്‍ ആരംഭിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൈതൃക മന്ദിരവും ഇവിടെ സ്ഥാപിതമാകുന്ന കൈത്തറി മ്യൂസിയവും കണ്ണൂരിന്റെ ചരിത്രവും പാരമ്പര്യവും വെളിവാക്കുക മാത്രമല്ല ടൂറിസം ഭൂപടത്തില്‍ പ്രമുഖ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈത്തറി മ്യൂസിയം സജ്ജീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 24 ന് വൈകിട്ട് നാലുമണിക്ക് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. പദ്ധതിക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി മൂന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.