Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കോവിഡിനെ പ്രതിരോധിക്കാന്‍ മൗത്ത് വാഷ്, മൗത്ത് ക്ലന്‍സര്‍ എന്നിവ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൗത്ത്‌വാഷുകളും വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും നേര്‍പ്പിച്ച ബേബി ഷാംബൂ ഉപയോഗിച്ച് കൈ കഴുകുന്നതും ഫലപ്രദമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഈ പഠന റിപ്പോര്‍ട്ട് മെഡിക്കല്‍ വൈറോളജിയുമായി ബന്ധപ്പെട്ട ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബേബി ഷാംബൂ്, വായിലെ അണുബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പെറോക്‌സൈഡ് അടങ്ങിയ മൗത്ത് ക്ലന്‍സര്‍, മൗത്ത് വാഷ് എന്നിവ ഉപയോഗിച്ച് നടത്തിയ ലാബ് പരീക്ഷണത്തിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൗത്ത്‌വാഷുകളും ആന്റിസെപ്റ്റിക്കുകളും വായിലുളള വൈറസുകളുടെ സാന്നിധ്യം കുറയ്ക്കാന്‍ സഹായകമാണെന്നാണ് കണ്ടെത്തല്‍.

കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരാളുടെ വായിലോ മൂക്കിലോ ഉണ്ടാവുന്ന വൈറല്‍ ലോഡ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
.
കോവിഡിനെതിരെയുളള വാക്‌സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ലോകം. അതിനിടെ, രോഗവ്യാപനം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കണ്ടെത്തല്‍ ഗുണകരമാണെങ്കിലും ധാരാളം തടസ്സങ്ങള്‍ ഇതിലുള്ളതായി പെന്‍ സ്റ്റേറ്റ് പറയുന്നു. ശ്വാസകോശത്തില്‍ വൈറസ് ബാധ ഉണ്ടെങ്കില്‍, ചുമക്കുക വഴി അത് വീണ്ടും വായിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
രോഗം ബാധിച്ച ഒരു വ്യക്തിയുടെ കോശങ്ങളെ ആക്രമിച്ച വൈറസിനെ മൗത്ത് വാഷും ക്ലന്‍സറും ഉപയോഗിച്ച് കഴുകിക്കളയാനാകില്ല. മറിച്ച് മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനത്തിന് മാത്രമേ കോശങ്ങള്‍ക്കുള്ളിലെ വൈറസിനെ നശിപ്പിക്കാന്‍ കഴിയൂ.

മൗത്ത് വാഷും ക്ലന്‍സറും ഉപയോഗിച്ച് വായിലെയും മൂക്കിലെയും വൈറല്‍ ലോഡ് കുറച്ചാലും, അത് താല്‍ക്കാലികമായിരിക്കും. സാധാരണ 6 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രയായിരിക്കും ഇവ ആക്ടീവായിരിക്കുക. നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ വൈറല്‍ ലോഡ് വീണ്ടും പ്രത്യക്ഷപ്പെടാം.

ലാബ് പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് പരിമിതമായ പഠനം മാത്രമാണ്. ഇത് കൂടുതല്‍ ഫലപ്രദമാണോ എന്നറിയാന്‍ മനുഷ്യരില്‍ ഇതുപയോഗിച്ചുള്ള പഠനം നടത്താന്‍ പെന്‍ സ്റ്റേറ്റ് അനുമതി തേടുകയാണ് ഇപ്പോള്‍.