Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

7801 ഡയമണ്ടുകള്‍ പതിപ്പിച്ച ‘ബ്രഹ്മ വജ്രകമലം’ മോതിരം: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരന്‍

ഹൈദരാബാദ്: ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡയമണ്ടുകള്‍ ഒരു മോതിരത്തില്‍ പതിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ചന്ദുഭായ് എന്ന സ്ഥലത്ത് ഡയമണ്ട് സ്‌റ്റോര്‍ നടത്തുന്ന കൊട്ടി ശ്രീകാന്ത് എന്ന ഇന്ത്യക്കാരന്‍. 7,801 ചെറിയ വജ്രങ്ങള്‍ പതിപ്പിച്ച ഈ മോതിരത്തിന് ബ്രഹ്മ വജ്രകമലം എന്നാണ് പേരിട്ടിരിക്കുന്നത്. ഹിമാലയത്തില്‍ കാണപ്പെടുന്ന അപൂര്‍വ പുഷ്പമായ ബ്രഹ്മകമലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോതിരത്തിന് ബ്രഹ്മ വജ്രകമലം എന്ന് പേരിട്ടിരിക്കുന്നത്.

2018 സെപ്റ്റംബറിലാണ് മോതിരത്തിന്റെ ഡിസൈനിംഗ് ജോലികള്‍ ശ്രീകാന്ത് ആരംഭിച്ചത്. നിരവധി ഡിസൈനുകള്‍ നോക്കിയതിന് ശേഷമാണ് മനോഹരമായ ബ്രഹ്മ വജ്രകമലം എന്ന ഡിസൈന്‍ ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മോതിരത്തിന് ആറ് പാളികളാണുള്ളത്. അതില്‍ അഞ്ച് പാളികള്‍ക്ക് എട്ട് ദളങ്ങള്‍ വീതവും ആറാമത്തെ പാളിക്ക് ആറ് ദളങ്ങളുമാണുള്ളത്.

മോതിരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 മാസമാണ് എടുത്തത്. പണി പൂര്‍ത്തിയായ ശേഷം 2019 ഓഗസ്റ്റില്‍ ഗിന്നസ് റെക്കോര്‍ഡിന് സമര്‍പ്പിച്ചു. വജ്രത്തിന്റെ ഉത്ഭവം മുതലുള്ള എല്ലാ തെളിവുകളും അതായത് വജ്രം എടുത്ത ഖനി മുതല്‍ മോതിരം പണിതതു വരെയുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മോതിരത്തിന് ഉപയോഗിച്ച വജ്രങ്ങള്‍ എല്ലാംതന്നെ പ്രകൃതിദത്ത വജ്രങ്ങളാണെന്നും അധികൃതര്‍ ഉറപ്പാക്കിയിരുന്നു.

നിരവധി റൗണ്ട് പരിശോധനയ്ക്കും തെളിവ് കൈമാറ്റത്തിനും ശേഷം 2020 സെപ്റ്റംബറില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപിച്ചു. ‘മോസ്റ്റ് ഡയമണ്ട്‌സ് സെറ്റ് ഇന്‍ വണ്‍ റിംഗ്’ എന്ന ബഹുമതിയോടെയാണ് ശ്രീകാന്തിനെ ഗിന്നസ് റെക്കോര്‍ഡിന് ഉടമയായി പ്രഖ്യാപിച്ചത്. 2020 ഒക്ടോബര്‍ 19 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ഏരിയയിലുള്ള സ്റ്റോറിലാണ് ബ്രഹ്മ വജ്രകമലം എന്ന ഈ മോതിരം പുറത്തിറക്കിയത്.

കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD) ഉപയോഗിച്ചാണ് മനോഹരമായ ഡിസൈന്‍ സൃഷ്ടിക്കാനാവശ്യമായ വജ്രങ്ങളുടെ എണ്ണം കണക്കാക്കിയത്. പിന്നാലെ സംഭരണം ആരംഭിച്ചു. കൃത്യമായ എണ്ണം 2019 മെയ്മാസത്തിലാണ് ലഭിച്ചത്.

ഇത്രത്തോളം വെല്ലുവിളിയുയര്‍ത്തുന്ന ഡിസൈനിങ് ആദ്യമായിട്ടാണ് ചെയ്യുന്നത്. പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാണ് ഇപ്പോഴുള്ള രീതിയിലേക്ക് മോതിരത്തെ മാറ്റിയത്. ഇനിയും ഇതുപോലുള്ള മാസ്റ്റര്‍പീസുകള്‍ നിര്‍മിക്കാന്‍ ഗിന്നസ് റെക്കോര്‍ഡ് പ്രചോദനമാകുമെന്നും കൊട്ടി ശ്രീകാന്ത് പറഞ്ഞു.