Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

വിജയദശമി: കുരുന്നിന് ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുരുന്നിന് ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഡ്രൈവറുടെ കൊച്ചുമകളായ ദേവനയ്ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ചത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങളിലും സംസ്ഥാനത്ത് നിരവധി കുട്ടികള്‍ ഹരിശ്രീ കുറിച്ചു. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം അണുമുക്തമാക്കണം. ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ.

പതിവിന് വിപരീതമായി തുഞ്ചന്‍പമ്പില്‍ വിജയദശമി ദിനത്തില്‍ ആള്‍ത്തിരക്കില്ലായിരുന്നു. ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകള്‍ ഇല്ല. പൂജയ്ക്ക് വച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങാന്‍ ഏതാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമാണ് രാവിലെ തുഞ്ചന്‍പറമ്പില്‍ എത്തിയത്.