Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

ബദരിനാഥ് ക്ഷേത്രം നവംബര്‍ 19 ന് അടയ്ക്കും

ഉത്തരാഖണ്ഡ്: ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നുമായ ബദരിനാഥ ക്ഷേത്രം നവംബര്‍ 19 ന് അടയ്ക്കും. ദേവപ്രശ്‌നം നടത്തിയ ശേഷമാണ് ക്ഷേത്രം അടയ്ക്കാനുള്ള തീയതി തീരുമാനിച്ചത്. ദസ്‌റാ ആഘോഷദിനത്തിലാണ് ക്ഷേത്രം അടയ്ക്കാനുള്ള തീയതി തീരുമാനിക്കുന്നത്.

ഹിമാലയന്‍ പ്രദേശങ്ങളിലെ അതികഠിനമായ ശൈത്യത്തെ തുടര്‍ന്ന് ക്ഷേത്രം ആറുമാസക്കാലം – ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെ – മാത്രമേ തുറക്കുകയുള്ളൂ. ബാക്കിയുള്ള മാസങ്ങളില്‍ ഇവിടം മഞ്ഞുമൂടിക്കിടക്കും. സമുദ്രനിരപ്പില്‍ നിന്നും പതിനായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രം ശങ്കരാചാര്യരാണ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാവിഷ്ണുവാണ് ബദരീനാഥിനെ പ്രധാന പ്രതിഷ്ഠ. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് ബദരിനാഥ്. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രം കൂടിയാണ് ബദരീനാഥ്.

ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിമാര്‍ കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍പ്പെട്ടവരാണ്. ഈ മുഖ്യ പൂജാരി റാവല്‍ (രാവല്‍ജി) എന്ന് അറിയപ്പെടുന്നു. ഇപ്പോഴത്തെ റാവല്‍ കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരി ആണ്.