Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

കല്ലുമ്മക്കായ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റു

മസ്‌കറ്റ്: കല്ലുമ്മക്കായ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. വിഷബാധയേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിലായവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭ്യമായ വിവരം. ഛര്‍ദ്ദി, വയറിളക്കം, നടക്കാന്‍ ബുദ്ധിമുട്ട്, ശ്വാസതടസ്സം തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍.

ദോഫാറിലെ ബീച്ചുകളില്‍ കടല്‍വെള്ളം ചുവന്ന നിറത്തില്‍ കാണപ്പെട്ടിരുന്നു. ഈ പ്രതിഭാസം കടല്‍ക്കറ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഇതുമൂലം കല്ലുമ്മക്കായയില്‍ വിഷവസ്തുക്കള്‍ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

പകല്‍ വേലിയിറക്കമുണ്ടാകുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കടലില്‍ ഇറങ്ങി കല്ലുമ്മക്കായ ശേഖരിക്കുന്നത് ഇവിടയുള്ളവരുടെ പതിവ് രീതിയാണ്. തീരത്തെ പാറക്കെട്ടുകളിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന ഇവയെ പറിച്ചെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ ശേഖരിക്കുന്ന കല്ലുമ്മക്കായ പാചകം ചെയ്ത് കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

‘റെഡ്‌ടൈഡ്’ എന്നും അറിയപ്പെടുന്ന കടല്‍ക്കറ ഉണ്ടായ മേഖലകളില്‍ മല്‍സ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മല്‍സ്യവും ഷെല്‍ഫിഷും കഴിക്കരുതെന്നും കാര്‍ഷിക മല്‍സ്യവിഭവ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്ലവകങ്ങളുടെ വന്‍തോതിലുള്ള സാന്നിധ്യം മൂലമുള്ള പ്രതിഭാസമാണിതെന്ന് അധികൃതര്‍ അറിയിച്ചു.