തിരുവനന്തപുരം: വയനാട്ടില്‍ നിന്നും നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരുന്നത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.
കടുവയ്ക്കായി പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് കടുവയെ കണ്ടെത്തിയിട്ടുണ്ട്. പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രണ്ടു മാസത്തോളം വയനാട് ചീയമ്പം കോളനിയിലും പുല്‍പള്ളിയിലെ പരിസരത്തും വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഈ മാസം 25 നാണ് വനം ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത്. ചീയമ്പം പ്രദേശത്ത് നിന്ന് നാലുവഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്.
കെണിയിലകപ്പെട്ട 9 വയസുള്ള പെണ്‍ കടുവയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ നെയ്യാര്‍ ഡാമിലേക്ക് കൊണ്ടുവന്നു. പിന്നീട് ഇതിനെ വനംവകുപ്പിന്റെ ലയണ്‍ സഫാരി പാര്‍ക്കിലെ ഒരു കൂട്ടിലേക്ക് മാറ്റുകയായിരുന്നു.