Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

മലപ്പുറത്ത് പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കും: മന്ത്രി കെ. രാജു

മലപ്പുറം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാല്‍പ്പൊടി നിര്‍മ്മാണശാല യാഥാര്‍ത്ഥ്യമാവുന്നു. നബാര്‍ഡുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ തത്വത്തില്‍ ധാരണയായതായി മന്ത്രി കെ. രാജു അറിയിച്ചു. നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗിച്ച് മില്‍മ മലബാര്‍ മേഖലാ യൂണിയന് കീഴില്‍ ഫാക്ടറി സ്ഥാപിക്കും. 53.93 കോടി രൂപ ചെലവില്‍ മലപ്പുറം ജില്ലയിലാണ് ഫാക്ടറി സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയും സഹകരണസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അധികം വരുന്ന പാല്‍ പൊടിയാക്കി സൂക്ഷിക്കേണ്ടി വരും. മില്‍മയുടെ മേഖലാ യൂണിയനുകളില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത് മലബാര്‍ മേഖലയിലാണ്.

കൊറോണ കാലത്ത് പാല്‍ ഉപഭോഗം കുറഞ്ഞ സാഹചര്യത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വന്തമായി ഒരു പാല്‍പ്പൊടി നിര്‍മ്മാണശാല എന്ന ആശയം രൂപപ്പെട്ടത്. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന പാല്‍പ്പൊടി നിര്‍മ്മാണശാല കാലപ്പഴക്കം കൊണ്ടും കാലഹരണപ്പെട്ട സാങ്കേതികവിദ്യ കൊണ്ടും പ്രവര്‍ത്തനരഹിതമായതാണ്.

ഫാക്ടറി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ.കെ. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.