Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

സിസ്റ്റർ അഭയാകേസിന് കാരണം ചിലരുടെ വഴിവിട്ട ലൈംഗികബന്ധം – സിബിഐ

കൊച്ചി . സിസ്റ്റര്‍ അഭയക്കേസിനു പിന്നില്‍ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് തന്റെ അന്വേഷണത്തില്‍ ബോദ്ധ്യമായതായി സി.ബി.ഐ എസ്.പി. നന്ദകുമാര്‍ നായര്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി. സിസ്റ്റര്‍ അഭയയുടെ പിന്‍കഴുത്തിനു മുകളിലെ മുറിവുകള്‍ കെെക്കോടാലിയുടെ മൂര്‍ച്ചയേറിയ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നും നെറുകയിലെ ആഴമേറിയ മുറിവ് കെെക്കോടാലിയുടെ കെെപ്പിടി കൊണ്ടുളള ശക്തമായ അടിയില്‍ നിന്ന് ഉണ്ടായതാണെന്നും സാക്ഷി വിസ്താരത്തില്‍ അദ്ദേഹം വ്യക്തമാക്കി. 1993 മാര്‍ച്ചിലാണ് സി.ബി.എ കേസ് അന്വേഷണം ആരംഭിച്ചത്. 2008 ല്‍ താന്‍ കേസ് അന്വേഷണം ഏറ്റെടുത്തു. അതുവരെയുളള അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും നേരിട്ട് മൊഴി എടുത്ത നിരവധി സാക്ഷികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്താനായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ മൊഴി നല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി കോണ്‍വെന്റില്‍ എത്തിയപ്പോള്‍ കോണ്‍വെന്റ് അധികാരികള്‍ പിന്‍ഭാഗത്തെ ഉയരം കുറഞ്ഞ മതില്‍ പണിചെയ്ത് ഉയര്‍ത്തിയിരുന്നു. ആ മതിലുവഴിയാണ് കേസിലെ പ്രതികളായിരുന്ന അച്ചന്‍മാര്‍ കോണ്‍വെന്റില്‍ കടന്നതെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. ഫോറന്‍സിക് വിദഗ്ദ്ധര്‍,മെഡിക്കല്‍ ലീഗോ വിഭാഗം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് സിസ്റ്റര്‍ അഭയയുടെ ദേഹത്ത് കാണപ്പെട്ട മുറിവുകളുടെ കാരണം ബോദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണത്തിന്റെെ ഭാഗമായി 2008 നവംബര്‍ 18 ന് ഫാദര്‍ തോമസ്.എം.കോട്ടൂര്‍,ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴിയില്‍ ഏറെ പൊരുത്തക്കേടുകള്‍ ഉണ്ടായതിനാല്‍ അറസ്റ്റ് ചെയ്തു. സിസ്റ്റര്‍ സെഫിയെ അടുത്തദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ അവരെയും പ്രതിയാക്കി എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സെഫിയുടെ അനുമതിയോടെ അവരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് വാങ്ങിയതായും നന്ദകുമാര്‍ പറഞ്ഞു.

തുടക്കത്തില്‍ കേസ് അന്വേഷിച്ച കേരള പൊലീസ് തെളിവുകള്‍ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്‍ക്വസ്റ്റില്‍ തിരുത്തലുകള്‍ വരുത്തി വ്യാജ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. സംഭവ സ്ഥലത്തെ തെളിവുകള്‍ ശേഖരിക്കുന്നതിലും വന്‍ വീഴ്ച ഉണ്ടായി. വിരലടയാളങ്ങള്‍ എടുക്കുകയോ അവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തില്ല. അന്വേഷണത്തിനെന്ന് പറഞ്ഞ് കോടതിയില്‍ നിന്നു വാങ്ങിയ തൊണ്ടിമുതലുകള്‍ നശിപ്പിച്ചുകളഞ്ഞു. ക്രെെംബ്രാഞ്ച് എസ്.പി കെ. സാമുവല്‍ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സാമാന്യ യുക്തിക്ക്‌ നിരക്കാത്തതും ഭാവനയുമായിരുന്നു. പ്രതികള്‍ക്കെതിരെ കണ്ടെത്തിയ തെളിവുകള്‍ക്കെതിരായി യാതൊന്നും പ്രതികള്‍ക്ക് വിശദീകരിക്കാന്‍ ഉണ്ടായിരുന്നില്ല. താന്‍ മൊഴി എടുത്ത ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. കന്ദസ്വാമി, അഭയയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്ത ഡോ. രാധാകൃഷ്ണന്‍, കോണ്‍വെന്റിനു സമീപം താമസിക്കുന്ന സഞ്ജു പി.മാത്യൂ,സ്ഥലവാസി കളര്‍കോട് വേണു ഗോപാല്‍ നായര്‍ എന്നിവരെ നേരത്തെ കോടതി സാക്ഷികളായി വിസ്തരിച്ചിട്ടുണ്ടെന്നും നന്ദകുമാര്‍നായര്‍ മൊഴി നല്‍കി.