Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കെ ജയകുമാര്‍: സമാനതകളില്ലാത്ത ഉദ്യോഗപര്‍വ്വം, പ്രതിഭയുടെ ചൈതന്യവത്തായ കലാസപര്യ

അഭിമുഖം: കെ ജയകുമാര്‍ / ധന്യ എം ടി

കെ ജയകുമാര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ഒരുപക്ഷേ, കേരളത്തില്‍ സര്‍വ്വീസിലിരുന്ന നൂറുകണക്കിന് ഐ എ എസ്സുകാരില്‍ ഒരാളായി മാത്രം പിരിഞ്ഞു പോകേണ്ടതായിരുന്നു. എന്നാല്‍ കര്‍മ്മശേഷിയും പ്രതിഭയും സമര്‍പ്പണ മനോഭാവവും സമന്വയിച്ചപ്പോള്‍ പല മേഖലകളിലും പല തലങ്ങളിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഓഫീസര്‍ ഉണ്ടാകില്ല. കവി, ചലച്ചിത്രഗാന രചയിതാവ്, ചിത്രകാരന്‍, വിവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, വൈസ്ചാന്‍സലര്‍, ആസൂത്രകന്‍ തുടങ്ങി അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. പക്ഷേ, ഏറ്റവും ശ്രദ്ധേയമായ സംഭാവന അല്ലെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നത് മലയാളസിനിമയിലെ ഒരുപിടി നല്ല ഗാനങ്ങളുടെ രചയിതാവ് എന്ന നിലയ്ക്കായിരിക്കും.

‘കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി, ചന്ദനലേപസുഗന്ധം, സൗപര്‍ണ്ണികാമൃത് വീചികള്‍ പാടും, സാരംഗി മാറിലണിയും, ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും, മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍, സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ, ഘനശ്യാമ മോഹന കൃഷ്ണാ തുടങ്ങി നിരവധി ഗാനങ്ങള്‍ മലയാള സിനിമയില്‍ പിറന്നുവീണത് ആ തൂലികത്തുമ്പിലൂടെയാണ്. സിവില്‍ സര്‍വ്വീസിലും സര്‍വ്വകലാശാലകളിലും ഒക്കെ അദ്ദേഹത്തിന്റെ സേവനം കാലം മായ്ച്ചാലും ഗാനരചയിതാവ്, കവി എന്നീ നിലകളിലുള്ള സംഭാവന മലയാളികളുള്ള കാലം വരെ നിലനില്‍ക്കും.

കെ ജയകുമാര്‍ തന്റെ ഒദ്യോഗിക ജീവിതത്തെ കുറിച്ചും എഴുത്തുജീവിതത്തെകുറിച്ചും സംസാരിക്കുന്നു.

കവി, ഗാനരചയിതാവ്, ചിത്രകാരന്‍, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍, വൈസ് ചാന്‍സലര്‍ തുടങ്ങി വിവിധ മേഖലകളിലായി പടര്‍ന്ന ജീവിതം എങ്ങനെ ഓര്‍ക്കുന്നു? 
ഒരുപാടായിരുന്നു പ്രവര്‍ത്തന മേഖലകള്‍. ഒരേസമയം മൂന്നും നാലും ജോലികള്‍ ചെയ്തിട്ടുണ്ട്. ജോലി ചെയ്യുമ്പോള്‍ ഒരു വ്യക്തി എന്ന നിലയ്ക്കല്ല പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന്റെ അധികാരം നമ്മളെ ഏല്‍പ്പിക്കുകയാണ്. അത് ഒരുപാട് പേരുടെ ജീവിതത്തെ ബാധിക്കുന്നതാണ് എന്ന വിചാരത്തോടെ ചെയ്യണം. ഉദാസീനതയോടു കൂടി ഞാന്‍ ഒരു ജോലിയും ഇതുവരെ ചെയ്തിട്ടില്ല. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും എന്തെങ്കിലും പുതുതായി നേടിയെടുക്കാനും ഒരു മാറ്റം ഉണ്ടാക്കാനും ശ്രമിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് ഞാന്‍ ടൂറിസം ഡയറക്ടറായി ഇരിക്കുന്ന സമയത്താണ് കേരള ടൂറിസം ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതും ദൈവത്തിന്റെ സ്വന്തം നാട് എന്ന മേല്‍വിലാസം ഉണ്ടാകുന്നതും. ഒരു പ്രൊഫഷണല്‍ വളര്‍ച്ച ആ രംഗത്ത് ഉണ്ടാക്കിയെടുത്തു. വിദ്യാഭ്യാസമേഖലയില്‍ ഇരുന്നപ്പോഴും ഒരുപാട് കാര്യം ചെയ്തു. മുന്നില്‍ വരുന്ന ഫയല്‍ മാത്രം നോക്കിയല്ല ജോലിചെയ്തത്. സമൂഹത്തിന്റെ ഗുണത്തിനുവേണ്ടി, സര്‍ക്കാര്‍ വകുപ്പുകളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി ഒരു ഉപകരണമായി മാറണം എന്ന കാഴ്ചപ്പാടോടെ ജോലി ചെയ്യുമ്പോള്‍ മടുപ്പില്ല, ഉദാസീനതയില്ല. പടിയിറങ്ങുമ്പോള്‍ ഇന്നതെല്ലാം ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടാകും. മലയാളം സര്‍വ്വകലാശാലയുടെ കാര്യവും അതുപോലെ തന്നെയാണ്. ശൂന്യതയില്‍ നിന്നാണ് അത് യാഥാര്‍ത്ഥ്യമായത്. അതിന്റെ പിന്നിലുള്ള അദ്ധ്വാനം ചെറുതായിരുന്നില്ല. എന്തായാലും പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും തരുന്നത്, വ്യത്യസ്തമായ മേഖലകളില്‍ വ്യാപകമായ സൗഹൃദവും പരിചയവും ആ മേഖലകളിലുള്ള ചെറുതല്ലാത്ത അംഗീകാരവും കിട്ടി എന്നതാണ്. ഔദ്യോഗിക ജീവിതത്തോടൊപ്പം കേരളത്തിലെ സാഹിത്യലോകത്തും സിനിമയിലും എനിക്കൊരു ഇടമുണ്ട് എന്നതും സന്തോഷം തരുന്നതാണ്.

സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും എല്ലാ മുന്നണികളുമായും ഒരേ തരത്തിലായിരുന്നു ബന്ധം. അവരൊക്കെ എന്നും തന്ത്രപ്രധാധാന ചുമതലകള്‍ എല്‍പ്പിച്ചിരുന്നു. ആരെയും വെറുപ്പിക്കാതെ സര്‍വ്വീസ് കൊണ്ടുപോയതിന്റെ രഹസ്യമെന്താണ്? 
എന്നെ സംബന്ധിച്ച് ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ല. എന്നില്‍ വന്നുചേരുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യുക എന്നതാണ് ചുമതല. ഏതെങ്കിലും പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്നവരാകരുത് ഉദ്യോഗസ്ഥര്‍.

യു.പി.എസ്.സി മുതല്‍ വി.സി വരെ ഒരുപാട് തസ്തികയില്‍ ഇരുന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട തസ്തിക? 
എല്ലാ മേഖലയിലും ഇഷ്ടപ്പെട്ടാണ് ജോലി ചെയ്തിട്ടുള്ളത്. ചില തസ്തികകളില്‍ നിന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ മാറേണ്ടി വന്നിട്ടുണ്ട്. എങ്കിലും അതെല്ലാം നല്ലതിനുവേണ്ടിയാണ് എന്ന് മാത്രമേ കരുതിയിട്ടുള്ളൂ. അതിന്റെ ഗുണം പിന്നീടുള്ള സര്‍വ്വീസുകളില്‍ സഹായിച്ചിട്ടുണ്ട്. അധികാരമെന്നത് നല്ല കാര്യങ്ങള്‍ ചെയ്യാനും ഒരുപാട് പേരെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനുമുള്ള ഒരു അവസരമാണ്. അത് അവനവന്റെ സുഖത്തിനു വേണ്ടിയും സൗകര്യത്തിനു വേണ്ടിയും ചെയ്യുമ്പോഴാണ് പ്രശ്‌നം. അതല്ലാതെ സമൂഹത്തിനുവേണ്ടിയാണ് എന്ന ചിന്തയോടെ ചെയ്താല്‍ നല്ലതാണ്.

മലയാള സര്‍വ്വകലാശാലയ്ക്ക് തുടക്കം കുറിച്ച സ്‌പെഷ്യല്‍ ഓഫീസറായിരുന്നു, ആദ്യ വി സിയുമായിരുന്നു. മലയാളം ശ്രേഷ്ഠഭാഷയാക്കാന്‍ ധാരാളം ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ മലയാളം രക്ഷപ്പെടുമോ? 

മലയാള ഭാഷയ്ക്കുവേണ്ടി ഒരു സര്‍വ്വകലാശാല വേണം എന്നത്് നമ്മുടെ അഭിമാനപ്രശ്‌നമായിരുന്നു. അത് വന്നിട്ട് അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ. അതിന്റെ ഗുണം കണ്ടുതുടങ്ങാറാകുന്നതേ ഉള്ളൂ. ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. ചിലപ്പോള്‍ നല്ലകാലമായിരിക്കും ചിലപ്പോള്‍ മോശം കാലമാകാം. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. കാത്തിരുന്നു കാണാം. അതിന്റെ കുറവ് തീര്‍ത്ത്, കോട്ടം തീര്‍ത്ത് കാലം അതിനെ പരിപാലിക്കും. അതിനെ എന്താക്കി മാറ്റണം എന്നുള്ളത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്.

പ്രശസ്ത ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെ മകന്‍ എന്ന നിലയില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍? 
അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തി കൃഷ്ണപക്ഷം എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഒരച്ഛന് എങ്ങനെ ഒരു മകനെ സ്വാധീനിക്കാന്‍ കഴിയുന്നു, അച്ഛന്റെ ജീവിതപശ്ചാത്തലം, അച്ഛന്‍ ജീവിച്ച കാലഘട്ടം, മലയാള സിനിമയിലെ അച്ഛന്റെ പരിചയം എല്ലാം ഉള്‍പ്പെടുത്തിയതാണ് ആ പുസ്തകം. അച്ഛനിലൂടെയാണ് ഞാന്‍ മലയാള സിനിമയെ അറിഞ്ഞത്. ഒരിക്കല്‍, എന്റെ അച്ഛന്‍ എന്ന് പേരുള്ള ഒരു പരിപാടിയില്‍ പങ്കെടുത്ത് അച്ഛനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് എനിക്ക് മനസ്സിലായത്, എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും നല്ല ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിഞ്ഞോ അറിയാതെയോ അച്ഛനില്‍ നിന്ന് ഞാന്‍ പകര്‍ത്തിയതാണെന്ന്.

1978 ജൂലൈയില്‍ എനിക്ക് ഐ എ എസ് കിട്ടി പോവുകുന്ന സമയം. റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാന്‍ വന്ന അച്ഛന്‍ പറഞ്ഞു, ‘എനിക്ക് ഐ എ എസ്സിനെ കുറിച്ച് അറിയില്ല. ഞാന്‍ സിനിമാക്കാരനാണ്. ഇത് വളരെ വലിയ ഉദ്യോഗമാണെന്നറിയാം. ഒരുപാട് ഉത്തരവാദിത്തം, സ്വാധീനം, അവസരങ്ങള്‍ എല്ലാം വരുന്നു. പക്ഷേ, നമുക്ക് അര്‍ഹതപ്പെടാത്തതൊന്നും കൈകൊണ്ട് തൊടരുത്’ എന്ന്. ഐ എ എസ് എന്താണെന്ന് വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത എന്റെ അച്ഛന്‍ തന്ന ലളിതമായ ആ ഉപദേശമാണ് ഉദ്യോഗത്തില്‍ സത്യസന്ധതയും വിശ്വസ്തതയും കാത്തുസൂക്ഷിക്കാന്‍, തലയുയര്‍ത്തി നില്‍ക്കാന്‍ ഈ 68-ാം വയസ്സിലും എന്നെ പ്രാപ്തനാക്കിയത്.

എന്നെ സ്വാധീനിച്ച മറ്റൊന്ന് അച്ഛന്റെ ലാളിത്യമാണ്. അച്ഛന്‍ സിനിമയിലെ വളരെ വലിയ നിലയില്‍ വിജയിച്ചു നില്‍ക്കുന്ന കാലത്തും മൈലാപ്പൂരിലുള്ള ഉടുപ്പി ലോഡ്ജിലേ അച്ഛന്‍ താമസിക്കൂ. അച്ഛന്‍ സൂപ്പര്‍ ഡയറക്ടര്‍ ആയപ്പോഴും ജോലിയില്ലാത്ത സമയത്തും അവിടെ തന്നെയാണ് താമസിച്ചത്. അത്ര ലളിതമായിരുന്നു അച്ഛന്റെ ജീവിതം. ഞാന്‍ അച്ഛനെപ്പോലെ അത്ര ലളിതനല്ല. എങ്കിലും ആഢംബരത്തിലേക്ക് പോകരുത് എന്ന നിയന്ത്രണം അച്ഛനെ കണ്ടാണ് പഠിച്ചത്. അതുകൊണ്ടുതന്നെയാണ് ഐ എ എസ്സിന്റെ പത്രാസ് കാണാക്കാന്‍ എനിക്ക് സാധിക്കാതെ പോയതും എന്റെ വിജയരഹസ്യവും.

അച്ഛനും നസീറും തമ്മിലുള്ള ബന്ധം? 
അച്ഛന് ആജന്മ സുഹൃത്തുക്കള്‍ എന്നു പറയാവുന്നവര്‍ മൂന്നുപേരാണ്. പ്രേം നസീര്‍, ബാബുരാജ്, വയലാര്‍ രാമവര്‍മ്മ. ഇവരെ കഴിഞ്ഞുള്ള ബന്ധമേയുള്ളൂ മറ്റ് സുഹൃത്തുക്കളുമായി. അവരുടേത് ഒരു ആത്മബന്ധം തന്നെയായിരുന്നു. മദ്രാസില്‍ വച്ച് അച്ഛന് സിനിമയൊന്നും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോഴും നസീറായിരുന്നു തുണ. സാമ്പത്തിക പ്രതിസന്ധി കാരണം അച്ഛന്‍ സിനിമ വിട്ട് തിരിച്ച് നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോഴും അച്ഛനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയതും സഹായിച്ചതും നസീറാണ്.

ചലച്ചിത്രമേഖലയില്‍ പലയിടത്തും താങ്കളുടെ സാന്നിധ്യം സജീവമാണ്. ഇതിനുപിന്നില്‍ അച്ഛന്റെ സ്വാധീനമുണ്ടോ? 
മക്കള്‍ സിനിമയില്‍ വരുന്നതില്‍ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. ഐ എ എസ് കിട്ടിക്കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ സിനിമയില്‍ പാട്ടെഴുതി തുടങ്ങിയത്. ജോലി ഉള്ളതുകൊണ്ടാണ് സിനിമയുടെ മുഖ്യധാരയിലേക്ക് വരാഞ്ഞത്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഐ എ എസ് എന്നത് ഗൗരവമേറിയ ജോലിയാണ്. ഫുള്‍ടൈം സിനിമയ്ക്ക് മാറ്റിവെയ്ക്കാന്‍ പറ്റില്ല. എന്നിട്ടും ഏകദേശം 110 ചിത്രങ്ങള്‍ക്ക് പാട്ടെഴുതി. ഉദ്യോഗത്തില്‍ ഒരു വീഴ്ചയും വരുത്താതെയാണ് ഞാന്‍ സിനിമാ പ്രവര്‍ത്തനം കൊണ്ടുപോയത്. കാതലായ ഒരു ഉദ്യാഗത്തില്‍ ഇരുന്നിട്ടും സിനിമയില്‍ ഇത്രയും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സിനിമയില്‍ വന്നു, കവിതകളെഴുതി, 30 പുസ്തകങ്ങള്‍ എഴുതി, ചിത്രരചനയുണ്ട്. എഴുത്ത് ജീവിതത്തില്‍ ഞാനൊരു രാത്രിഞ്ചരനാണ്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഒരുമണി വരെയാണ് എന്നിലെ എഴുത്തുകാരന്റെ ജീവിതം. അങ്ങനെ കഴിഞ്ഞ 30 വര്‍ഷം ചിട്ടയായി ചെയ്തതുകൊണ്ടാണ് എഴുത്തില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയതും സാഹിത്യരംഗത്ത് ചെറുതായെങ്കലും സാംഗത്യം നിലനിര്‍ത്താന്‍ കഴിഞ്ഞതും. ജോലിയും എഴുത്തും സമരസപ്പെടുത്തി കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ തിരക്കഥ എഴുതുകയാണല്ലോ, ചരിത്രരേഖകള്‍ ഒന്നും ഇല്ലാതെ എങ്ങനെയാണ് അതിനെ രൂപകല്പന ചെയ്യുന്നത്? 
കുഞ്ചന്‍ നമ്പ്യാരുടെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു. എങ്കിലും അതില്‍ ഇനിയും ഒരുപാട് തിരുത്തലുകള്‍ വേണ്ടിവരും. കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് അറിയാവുന്നത് വളരെ കുറച്ചു കാര്യങ്ങളേ ഉള്ളൂ. കുഞ്ചന്‍ നമ്പ്യാരെ പോലെ കലാകാരനും പണ്ഡിതനും ആയ ഒരാള്‍ എങ്ങനെ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിരിക്കാം എന്നത് ഭാവനയില്‍ കാണാവുന്നതാണ്. അതിലൂടെയാണ് കഥ പോകുന്നത്. അദ്ദേഹത്തിന്റെ സമകാലികരായ പല കഥാപാത്രങ്ങളെയും നമുക്കറിയാം. ചരിത്രവും അറിയാം. ഇത്രയും പണ്ഡിതനായ ഒരു കവി എന്തൊക്കെ ചെയ്തിട്ടുണ്ടാവാം എന്ന ചിന്തയോടെയാണ് തിരക്കഥ കൊണ്ടുപോയിട്ടുള്ളത്. കുഞ്ചന്‍ നമ്പ്യാര്‍ ആരായിരുന്നു എന്ന് മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ ഈ പടം ഉപകരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

കവിയില്‍ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള മാറ്റം? 
തിരക്കഥ ഞാന്‍ ആദ്യമായല്ല എഴുതുന്നത്. 65 എപ്പിസോഡുള്ള വംശം എന്ന പരമ്പരയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. രാജീവ് നാഥിന്റെ ‘മമ്മ ഈസ് വെയ്റ്റിംഗ്’ എന്ന ഇംഗ്ലീഷ് സിനിമയുടെ തിരക്കഥ എഴതിയിട്ടുണ്ട്. അതുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ക്രാഫ്റ്റ് അറിയാം.

ക്ഷേത്രകലകള്‍ക്കു വേണ്ടി ഗുരുവായൂര്‍ കേന്ദ്രീകരിച്ച് ഒരു ഫൗണ്ടേഷന്‍ വരുന്നു. താങ്കള്‍ക്കാണ് അതിന്റെ മേല്‍നോട്ടം. നാശോന്മുഖമാകുന്ന ക്ഷേത്രകലകളെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം? 
ക്ഷേത്രകലകള്‍ക്കായി അഖിലേന്ത്യാ നിലവാരമുള്ള ക്ഷേത്രകലാപീഠമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. അവലംബമാക്കിയ മാതൃക കലാമണ്ഡലമാണെങ്കിലും അതില്‍നിന്ന് കുറച്ച് വ്യത്യാസമുണ്ട്. ജനുവരിയില്‍ അതിന്റെ പേപ്പര്‍ ജോലി തീര്‍ക്കാനാവും എന്നാണ് കരുതുന്നത്. ക്ഷേത്രകലകള്‍ അന്യം നിന്നു പോകുന്നില്ല. പക്ഷേ നിലവാരം കുറയുന്നു. ക്ഷേത്രകലകള്‍ പഠിപ്പിക്കുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. പക്ഷേ, കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി കേരളത്തില്‍ നിന്ന് ഒരു ഔട്ട്സ്റ്റാന്‍ഡിംഗ് ക്ഷേത്രകലാകാരനും ജന്മം കൊണ്ടിട്ടില്ല. ഞെരളത്ത് രാമപ്പൊതുവാളിനെ പോലെ ഇടക്കയില്‍ ഒരാള്‍, അല്ലെങ്കില്‍ സോപാന സംഗീതത്തില്‍, നാഗസ്വരം, തകില്‍ ഇതിലൊന്നും ഒരാള്‍ വന്നിട്ടില്ല. നല്ല കലാകാരനിലൂടെ മാത്രമേ കല നിലനില്‍ക്കൂ. അതല്ലെങ്കില്‍ കല എന്നത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം മാത്രമായി പോകും.

ചെയ്യാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ കാര്യം? 
സിനിമ സംവിധാനം ചെയ്യുക എന്നത് ജീവിതസായാഹ്നത്തില്‍ നിറവേറ്റപ്പെടാതെ കിടക്കുന്ന മോഹമാണ്. അത് ഉടനെ നടക്കും. ഒരു പരീക്ഷണചിത്രം എന്ന നിലയില്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന പേരില്‍ 90 മിനിറ്റ് ഉള്ള കുട്ടികളുടെ ഒരു സിനിമ ചെയ്തു. 2000 ലാണ് ചെയ്തത്. സംവിധാനം എന്നെക്കൊണ്ട് സാധിക്കുമോ എന്ന ഒരു പരീക്ഷണം കൂടിയായിരുന്നു ആ ചിത്രം. അതില്‍ വിജയിച്ചു. 2020 ല്‍ ചിലപ്പോള്‍ ഒരു സംവിധായകന്റെ മേലങ്കി ഞാന്‍ അണിയാന്‍ സാധ്യതയുണ്ട്.