Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ബി.പി.എല്‍ വിഭാഗത്തിന് കോവിഡ് കണ്ടെത്താന്‍ നടത്തുന്ന ആന്റിജന്‍ ടെസ്റ്റ് സൗജന്യമാക്കി

തിരുവനന്തപുരം: കോവിഡ് രോഗം കണ്ടെത്താന്‍ നടത്തുന്ന ആന്റിജന്‍ ടെസ്റ്റ് ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമാക്കി സര്‍ക്കാര്‍. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന സൗജന്യമായി നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവില്‍ പറയുന്നു.

പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട്, വയറിളക്കം, രുചിയും മണവും ഇല്ലാതാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ബി പി എല്‍ കുടുംബങ്ങള്‍ ആന്റിജന്‍ പരിശോധനയ്ക്കായി ചെന്നാല്‍ ഇനി എല്ലായിടത്തും ഇവര്‍ക്ക് പരിശോധന സൗജന്യമാകും. നിലവില്‍ സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമാണ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്.

ആരോഗ്യം, പൊലീസ്, റവന്യൂ, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള വോളന്റിയര്‍മാര്‍ക്കും പതിവായി ആന്റിജന്‍ ടെസ്റ്റ് സൗജന്യമായി നടത്തണം.

പ്രതിദിനം ഓരോ ജില്ലയിലും ബി.പി.എല്‍ വിഭാഗത്തിലെ 60 വയസിലേറെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ളവര്‍ തുടങ്ങി 100 പേര്‍ക്കു വീതം ആന്റിജെന്‍ ടെസ്റ്റ് സ്വകാര്യ ലാബുകളുടെ കൂടി സഹായത്തോടെ നടത്തണം. സര്‍ക്കാര്‍ ലാബുകളില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ലാബുകളില്‍ ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താം. ഒരു ടെസ്റ്റിന് 625 രൂപ വീതം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്‍കാം.