Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ സമര്‍പ്പിക്കാനൊരുങ്ങി ബംഗളൂരു സ്വദേശി

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ സമര്‍പ്പിക്കാനൊരുങ്ങി ബംഗളൂരു സ്വദേശിയുമ സ്വര്‍ണ വ്യാപാരിയുമായ ഗണശ്രാവണ്‍. ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയാണ് ഗണശ്രാവണ്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണ് സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ്.

2016 വരെ തനിക്ക് ദുരിത കാലമായിരുന്നെന്നും സാമ്പത്തികമായി തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ തന്നെ കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്നും ദുരിതത്തില്‍ നിന്ന് തന്നെ കരകയറ്റിയതിനുള്ള നന്ദിയായാണ് അമ്മയ്ക്കായി 500 കോടി രൂപ സമര്‍പ്പിക്കുന്നതിന് പിന്നിലെന്നും ഗണശ്രാവണ്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവവേളയില്‍ ആണ് ക്ഷേത്ര പുനരുദ്ധാരണത്തിന് തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോവാന്‍ പറഞ്ഞത്. അതോടെ എല്ലാ പൗര്‍ണമിക്കും അമാവാസിക്കും മുടങ്ങാതെ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിന് എത്തി. ലോകം മുഴുവനുമുള്ള ഭക്തര്‍ ഇവിടേക്ക് എത്തിച്ചേരണം എന്നും, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഗണശ്രാവണ്‍ പറഞ്ഞു.

സമര്‍പ്പിക്കുന്ന 500 കോടി രൂപയില്‍ ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 300 കോടി ക്ഷേത്ര വികസനത്തിനും 200 കോടി ക്ഷേത്ര നഗരിയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുക. വ്യാവസായ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.

500 കോടി രൂപ വാഗ്ദാനം ചെയ്ത് എത്തിയപ്പോള്‍ ക്ഷേത്രം അധികൃതര്‍ ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നു. ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതിയുമായി മുന്‍പോട്ട് പോവാനാണ് തീരുമാനം. അഞ്ചുവര്‍ഷം കൊണ്ട് രണ്ട് ഘട്ടമായിട്ടായിരിക്കും പുനരുദ്ധാരണം.