Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

നിയമപ്രശ്നം പരിഹരിക്കും മല്യയെ ഉടനെ ഇന്ത്യക്ക് കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടൻ

ന്യൂഡല്‍ഹി. വിവാദ വ്യവസായി വിജയ്‌ മല്യയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ വിലങ്ങുതടിയായ “രഹസ്യനിയമപ്രശ്‌നം” കഴിയുംവേഗം പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടന്‍. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ആക്‌ടിങ്‌ ഹൈക്കമ്മിഷണര്‍ ജാന്‍ തോംസണാണ്‌ ഇക്കാര്യം പറഞ്ഞത്‌.
വായ്‌പ്പത്തട്ടിപ്പു നടത്തി ബ്രിട്ടനിലേക്കു മുങ്ങിയ മല്യയെ തിരിച്ചെത്തിക്കാന്‍ വൈകുമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു. ചില രഹസ്യനടപടികള്‍ ലണ്ടന്‍ കോടതിയില്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അതില്‍ കക്ഷിയല്ലെന്നുമാണ്‌ കേന്ദ്രം നേരത്തേ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നത്‌. മല്യയെ ഇന്ത്യയ്‌ക്കു കൈമാറണമെന്ന്‌ 2018 ഡിസംബറിലാണ്‌ ലണ്ടന്‍ കോടതി നിര്‍ദേശിച്ചത്‌.ഇതിനെ ചോദ്യംചെയ്‌തുള്ള ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. നാടുകടത്തല്‍ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം യു.കെ. ഹൈക്കോടതി തള്ളുകയും ചെയ്‌തു. എന്നാല്‍, കോടതിയിലെ ചില രഹസ്യനടപടികളാണ്‌ മല്യയുടെ നാടുകടത്തലിനുള്ള ഏക തടസം.
എത്രയും വേഗം ഇതു പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ജാന്‍ തോംസണ്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ പല തവണ പറഞ്ഞിട്ടുള്ളതാണ്‌. ചില നിയമനടപടി കൂടി പൂര്‍ത്തീകരിക്കാനുണ്ട്‌. കോടതി വിഷയമായതിനാല്‍ തനിക്ക്‌ അക്കാര്യത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ പരിമിതികളുണ്ട്‌. എത്രയും വേഗം അവ പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.