Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ ചൈന ധാരണയായി

ന്യൂഡല്‍ഹി.ഏഴു മാസമായി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന് ശാശ്വത പരിഹാരമാകും വിധം മൂന്നുഘട്ടമായി സൈന്യങ്ങളെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

നിയന്ത്രണരേഖയില്‍ കഴിഞ്ഞ ഏപ്രിലിലെ തത്‌സ്ഥിതി നിലനിറുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചെന്നാണ് സൂചന.

നവംബര്‍ ആറിന് ചുഷൂലില്‍ നടന്ന എട്ടാം റൗണ്ട് കമാന്‍ഡര്‍ തല കൂടിക്കാഴ്‌ചയില്‍ നടന്ന ചര്‍ച്ച പ്രകാരം അടുത്തയാഴ്ച മുതല്‍ സേനാ പിന്‍മാറ്റം ആരംഭിച്ചേക്കും. ആദ്യ ഘട്ടത്തില്‍ ഡെപസാംഗ് മേഖലയില്‍ അടക്കം ചൈന അതിര്‍ത്തിയില്‍ വിന്ന്യസിച്ച 400ഓളം ടാങ്കുകളും ട്രക്കുകള്‍ അടക്കം വാഹനങ്ങളും നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്ന് പിന്‍വലിക്കും.

രണ്ടാംഘട്ടത്തില്‍ പാംഗോംഗ് തടാകത്തിന് വടക്ക് ഇപ്പോള്‍ ഫിംഗര്‍ നാല് പ്രദേശത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളം ഫിംഗര്‍ എട്ടിലെ അവരുടെ സ്ഥിരം പോസ്റ്റിലേക്ക് മടങ്ങും. ഒരുദിവസം 30 ശതമാനം വച്ച്‌ മൂന്നുദിവസത്തിനുള്ളില്‍ സൈന്യത്തെ പഴയ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുപോകും. ആനുപാതികമായി ഇന്ത്യന്‍ സേന ഫിംഗര്‍ മേഖലയിലെ ധാന്‍സിംഗ് ഥാപാ പോസ്‌റ്റിലേക്കും മടങ്ങും.

ആഗസ്‌റ്റ് ഒടുവില്‍ സംഘര്‍ഷമുണ്ടായ പാംഗോംഗ് തടാകത്തിന് തെക്ക് മേഖലയിലാണ് മൂന്നാം ഘട്ടത്തിലെ സൈനിക പിന്മാറ്റം ഉദ്യേശിക്കുന്നത്. ചുഷൂല്‍, റെസാംഗ് ലാ മേഖലകളില്‍ ഇരു സൈന്യവും ഇപ്പോള്‍ നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് പിന്‍മാറാനാണ് ധാരണ.

മുമ്ബ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയുണ്ടാക്കിയ ശേഷം ചൈന കാലുമാറിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില കരുതല്‍ നടപടികള്‍ വേണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാല്‍വന്‍ താഴ്വരയില്‍ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം മടങ്ങാതിരുന്നതിനെ ചൊല്ലിയാണ് ഒരു കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഏറ്റുമുട്ടലുണ്ടായത്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ സൈനിക പിന്മാറ്റത്തിന്റെ പുരോഗതി രണ്ടുപക്ഷവും സംയുക്തമായി ചേര്‍ന്ന് വിലയിരുത്തും. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധന നടത്തി പരസ്‌പരം വിവരങ്ങള്‍ കൈമാറും.