Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

നവംബര്‍ 14 ലോക പ്രമേഹ ദിനം: പ്രമേഹത്തെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താം

നവംബര്‍ 14 ലോക പ്രമേഹ ദിനം. 2020 ലെ ലോക പ്രമേഹദിനത്തിന്റെ വിഷയം നഴ്‌സും പ്രമേഹവുമാണ്. പ്രമേഹ രോഗികളെ സഹായിക്കുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് കാമ്പെയ്‌ന്റെ ലക്ഷ്യം. നിലവില്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പകുതിയിലധികവും നഴ്‌സുമാരാണ്. ആരോഗ്യപരമായ ആശങ്കകളോടെ ജീവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് അവര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നു. പ്രമേഹ രോഗികള്‍ക്കും അല്ലെങ്കില്‍ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ള ആളുകള്‍ക്കും അവരുടെ പിന്തുണ ആവശ്യമാണ്. പ്രമേഹ രോഗികളായ ആളുകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതില്‍ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ വിദഗ്ദ്ധരുടെയും പങ്കും സഹകരണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രമേഹം വളര്‍ന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. 2017ലെ കണക്കുപ്രകാരം 72 മില്യണ്‍ ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യാക്കാരില്‍ പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനമായിട്ടാണ് വിശേഷിപ്പിക്കുന്നത്. പ്രമേഹം ഒരു ജീവിതശൈലീരോഗം കൂടിയാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കഴിഞ്ഞ 30 വര്‍ഷത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ കാരണമായത്. ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ വിലകുറഞ്ഞ് സുലഭമായി ലഭിക്കുന്നതിനാല്‍ത്തന്നെ പ്രമേഹം സാധാരണക്കാരിലും വളര്‍ന്നുവരുന്നു.

പ്രാചീനകാലം തൊട്ട് മനുഷ്യസമൂഹത്തില്‍ ഈ രോഗം കണ്ടുവന്നിരുന്നു. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മധുമേഹം എന്നാണ് ഈ രോഗത്തെ വിളിക്കുന്നത്. രോഗിയുടെ മൂത്രത്തില്‍ തേന്‍ പോലെയുള്ള ഏതോ പദാര്‍ത്ഥം ഉണ്ട് എന്ന ധാരണയിലാണ്‌ രോഗത്തിന് മധുമേഹം എന്ന പേര് നല്‍കിയത്. താരതമ്യേന പ്രായപൂര്‍ത്തിയായവരില്‍ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്ത്രീയെയും പുരുഷനെയും ഏതാണ്ട് ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. 20 വയസു കഴിഞ്ഞവരില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ആളുകള്‍ക്ക് പ്രമേഹരോഗബാധയുണ്ടാകാം എന്നാണ് കണക്ക്. അതായത് കേരളത്തില്‍ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്ക് പ്രമേഹരോഗികളുണ്ടെന്ന് അര്‍ത്ഥം.

എന്താണ് പ്രമേഹം

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്ക് എത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

കാരണങ്ങളും ലക്ഷണങ്ങളും

പാരമ്പര്യ ഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിനു കാരണമാകാം.

അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. രോഗം നിയന്ത്രിച്ചു നിര്‍ത്താനേ കഴിയൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക ഏറ്റവും പ്രധാനമാണ്.

ഭക്ഷണവും വ്യായാമവും പ്രധാനം

മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികള്‍, സാലഡുകള്‍, കൊഴുപ്പു നീക്കിയതും വെള്ളം ചേര്‍ത്തതുമായ പാല്‍, മോര്, സുഗന്ധവ്യഞ്ജനങ്ങള്‍, മുളപ്പിച്ച പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോഷകഗുണം വര്‍ദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവില്‍ ഭക്ഷണം കഴിക്കാതെ 5 മുതല്‍ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.

പ്രമേഹ രോഗികള്‍ ദിവസവും 30 മിനിറ്റ് എന്ന തോതില്‍ ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിള്‍ സവാരി, നൃത്തം, നീന്തല്‍, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടല്‍, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരള്‍ച്ച, ഉണങ്ങാത്ത മുറിവുകള്‍ എന്നിവയും അനുബന്ധ പ്രശ്‌നങ്ങളായി ഉണ്ടാകാം. പ്രമേഹ രോഗികളില്‍ വിറ്റാമിന്‍ സി, ഡി എന്നിവയുടെ കുറവ് മൂലം അസ്ഥിവേദനയും ഉണ്ടാകും.