Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

നിതീഷ് കുമാറിനെ എൻ‌ഡി‌എ നേതാവായി തിരഞ്ഞെടുത്തു. തുടർച്ചയായ നാലാം തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ്

പാറ്റ്ന. ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ അധികാരമേല്‍ക്കും. ഇന്ന് പാട്നയില്‍ ചേര്‍ന്ന എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി നാലാംവട്ടമാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. സുശീല്‍ കുമാര്‍ മോദിയായിരിക്കും ഉപമുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അംഗവും ദളിത് നേതാവുമായ കമലേശ്വര്‍ ചൗപാലിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയെക്കാള്‍ സീറ്റ് ബി ജെ പിക്കാണ്.അതിനാല്‍ ബി ജെ പി പറഞ്ഞതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു പാവമുഖ്യമന്ത്രിയായിരിക്കും നിതീഷെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിതീഷിനെ ബി ജെ പി ദുര്‍ബലനാക്കിയെന്നും ഭരിക്കുന്നത് ബി ജെ പി ആയിരിക്കും എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

ബീഹാര്‍ നിയമസഭയില്‍ ബി.ജെ.പിയുടെ സഭാകക്ഷി നേതാവായി കത്തിഹാര്‍ എം.എല്‍.എ തര്‍കിഷോര്‍ പ്രസാദിനെ തിരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് ഇക്കാര്യം അറിയിച്ചത്. സുശീല്‍ കുമാര്‍ മോഡി തന്നെ സഭാകക്ഷി നേതാവായി തുടരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ ഡി എ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചപ്പോള്‍ നിതീഷിന്റെ ജെ ഡി യുവിന് 43 സീറ്റുകളാണ് ലഭിച്ചത്.