Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

പഴം, പച്ചക്കറി അടിസ്ഥാന വില: സംഭരണം ആരംഭിച്ചു

വയനാട്: കേരള ഫാം ഫ്രഷ് പഴം പച്ചക്കറി അടിസ്ഥാന വില പദ്ധതിയുടെ ഭാഗമായി വി.എഫ്.പി.സി.കെ വയനാട് പഴം പച്ചക്കറി സംഭരണം ആരംഭിച്ചു. മുട്ടില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക സമിതിയിലാണ് സംഭരണത്തിന് തുടക്കമിട്ടത്.

ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 14 സ്വാശ്രയ കര്‍ഷകള്‍ വഴിയാണ് പഴം പച്ചക്കറി സംഭരണം നടത്തുന്നത്. അടിസ്ഥാന വില പ്രഖ്യാപിച്ച 16 ഉല്പന്നങ്ങളുടെ വിപണന വില അടിസ്ഥാന വിലയില്‍ താഴെ വരുന്ന ദിവസങ്ങളില്‍ ജില്ലയില്‍ കൃഷി വകുപ്പ് തിരഞ്ഞെടുത്തിട്ടുള്ള 18 വിപണന കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാവുന്നതാണ്.

ഇതിനായി ജില്ലയിലെ 14 വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക വിപണികളെയാണ് നോഡല്‍ വിപണികളായി തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ ഹോര്‍ട്ടികോര്‍പ് സംഭരണ കേന്ദ്രം, കൃഷി വകുപ്പിന്റെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ വഴിയും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനം നടത്താം.

അടിസ്ഥാന വിലയേക്കാള്‍ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വിപണനം നടക്കുമ്പോള്‍ വില വ്യത്യാസം കൃഷി വകുപ്പ് വഴി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതാണ്. ഇതിനായി കര്‍ഷകര്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൃഷി വിവരങ്ങള്‍ നല്‍കണം.