Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ആ സല്യൂട്ടിന് സൈന്യത്തിന്റെ ആദരം: നംഗ്യാല്‍ ഇനി ‘കുട്ടിപ്പട്ടാളക്കാരന്‍’

കാശ്മീര്‍: നവാങ് നംഗ്യാല്‍ എന്ന അഞ്ചുവയസ്സുകാരനായ കുട്ടിപ്പട്ടാളക്കാരന്‍ ഇപ്പോള്‍ ജവാന്മാരുടെ കണ്ണിലുണ്ണിയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ താരവുമാണ്. കുഞ്ഞു കൈ ഉയര്‍ത്തി നിഷ്‌കളങ്കതയും അതിലേറെ ഗൗരവവും നിറഞ്ഞ മുഖത്തോടെ നംഗ്യാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസി(ഐ.ടി.ബി.പി)ന് നല്‍കിയ ഒരു സല്യൂട്ടാണ് നംഗ്യാലിനെ രാജ്യമറിഞ്ഞ കുഞ്ഞു പട്ടാളക്കാരനാക്കിയത്. ഐ.ടി.ബി.പിയ്‌ക്കൊപ്പം ആ സല്യൂട്ട് ഹൃദയത്തിലേറ്റെടുത്തത് രാജ്യസ്‌നേഹികളായ ജനങ്ങളും കൂടിയാണ്.

എല്‍ കെ ജി വിദ്യാര്‍ത്ഥിയായ നംഗ്യാല്‍ സൈനിക വാഹനം കടന്നുപോകുന്ന വഴിയരികില്‍ നിന്ന് വാഹനത്തിലുള്ള ജവാന്മാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. സല്യൂട്ട് ചെയ്യുന്ന വീഡിയോ ഐ.ടി.ബി.പി എടുത്തത് ഒക്ടോബര്‍ എട്ടിനാണ്. ഒക്ടോബര്‍ 11 ന് അവര്‍ ഐ.ടി.ബി.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഐ.ടി.ബി.പി തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഐ.ടി.ബി.പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പങ്കുവെച്ചതോടെ അത് വൈറലായി.

വീഡിയോയില്‍ ആദ്യം കാണുന്നത് വഴിയരികില്‍ നില്‍ക്കുന്ന നംഗ്യാലിനെയാണ്. വാഹനവ്യൂഹം അടുത്തെത്തിയതോടെ കാലുകള്‍ അടുപ്പിച്ച് അവന്‍ സല്യൂട്ട് അടിച്ചു. വാഹനം നിര്‍ത്തി സൈനികര്‍ അവനോട് സ്‌നേഹസംഭാഷണവും നടത്തിയാണ് കടന്നുപോകുന്നത്. സന്തോഷകരവും പ്രചോദനവുമാണ് എന്ന തലക്കെട്ടോടെയാണ് നവാങ് നംഗ്യാലിന്റെ വീഡിയോ ട്വിറ്ററില്‍ ഐ.ടി.ബി.പി പങ്കുവെച്ചിട്ടുള്ളത്.

വീഡിയോ വൈറലായതോടെ നംഗ്യാലിനെ തേടി ഐ.ടി.ബി.പിയുടെ ആദരവുമെത്തി. കുഞ്ഞു നംഗ്യാലിന് ഒരു കുഞ്ഞു സൈനിക യൂണിഫോം നല്‍കിയാണ് അവര്‍ ആദരിച്ചത്. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ അവന് പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐ.ടി.ബി.പി ട്വിറ്റര്‍ വഴി പുറത്തുവിട്ടു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വീഡിയോ പുറത്തുവിട്ടത്.

ലഡാക്കിലെ ചുഷുല്‍ സ്വദേശിയാണ് എല്‍ കെ ജി വിദ്യാര്‍ത്ഥിയായ നവാങ് നംഗ്യാല്‍.