Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു: പേടകത്തില്‍ നാല് ബഹിരാകാശ യാത്രികര്‍

വാഷിംങ്ടണ്‍: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്. സാങ്കേതിക സംവിധാനങ്ങളൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസയും സ്‌പേസ് എക്‌സും വ്യക്തമാക്കി.

10 മിനുട്ടില്‍ താഴെയാണ് വിക്ഷേപണത്തിന് സമയം എടുത്തത്. പേടകം വിക്ഷേപിച്ച ശേഷം തിരിച്ച് ഭൂമിയില്‍ പതിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ അടുത്ത വിക്ഷേപണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം ബഹിരാകാശ യാത്രയില്‍ എട്ട് സഞ്ചാരികളെ കൊണ്ടുപോകാന്‍ പ്രാപ്തമാണ്. ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാലുപേരെയാണ് ഡ്രാഗണ്‍ പേടകത്തില്‍ അയച്ചത്.

നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍.

പേടകത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ മനുഷ്യന്റെ ശൂന്യകാശ യാത്രയില്‍ സ്വകാര്യ പങ്കാളിത്തം എന്ന കാര്യത്തിലെ ഒരു നാഴിക കല്ലാണ് പിന്നിടുന്നത് എന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കരുതുന്നത്. സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മ്മിക്കാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തിന് ഊര്‍ജ്ജമാകും ഈ വിക്ഷേപണം.