Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

കപിലിന് പാർട്ടി വിടാം :ലോക്‌സഭാ നേതാവും എം.പിയുമായ ആദിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്

ന്യൂഡല്‍ഹി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് നേതൃത്വത്തെ കുറ്റപ്പെടുത്തിയ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് മറുപടിയുമായി ലോക്‌സഭാ നേതാവും എം.പിയുമായ ആദിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. വിമര്‍ശനം ഉന്നയിക്കുന്ന കപില്‍ സിബലിനെ ബീഹാറിലോ, ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലോ പ്രചാരണത്തിന് കണ്ടില്ലെന്നും പാര്‍ട്ടിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാജിവയ്‌ക്കാമെന്നും ആദിര്‍ പ്രതികരിച്ചു.

‘കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച്‌ വലിയ ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്. ആത്മപരിശോധന വേണമെന്നും പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്ന ബീഹാര്‍, മദ്ധ്യപ്രദേശ്, യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളിലൊന്നും അദ്ദേഹം പ്രചാരണത്തിന് പോയിട്ടില്ല.

അവിടെ പോയിരുന്നെങ്കില്‍ അദ്ദേഹം പറയുന്നത് ആത്മാര്‍ത്ഥതയോടെയാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് വിമര്‍ശനം നടത്തുന്നതെന്നും കരുതാമായിരുന്നു. അതൊന്നുമില്ലാതെ വെറുതെ വാചകമടി മാത്രം കൊണ്ട് ഒരു നേട്ടവുമില്ല. പ്രവൃത്തിയില്ലാതെ വാചകമടിക്കുന്നത് ആത്മപരിശോധനയാകില്ലെന്നും” ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കോണ്‍ഗ്രസ് പറ്റിയ ഇടമല്ലെന്ന് തോന്നുവെങ്കില്‍ കപില്‍ സിബലിന് അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ, പുതിയതായി ഒന്ന് രൂപീകരിക്കുകയോ ചെയ്യാം. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത കെടുത്തുന്ന രീതിയില്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തരുത്. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള കപില്‍ സിബലിന് പോരായ്മകള്‍ നേരിട്ടോ, മറ്റ് പാര്‍ട്ടി വേദികളിലോ അറിയിക്കാമെന്നും ആദിര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട 22 നേതാക്കളില്‍ ഒരാളായ കപില്‍ സിബല്‍ തിരഞ്ഞെടുപ്പ് പരാജയത്തെ വിശദമായി വിലയിരുത്തണമെന്നും പ്രവര്‍ത്തക സമിതിയില്‍ അടക്കം ജനാധിപത്യം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു