Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

നഗ്രോതയിലുണ്ടായ തീവ്രവാദി ആക്രമണ ശ്രമത്തിന് പിന്നില്‍ മുംബയ് ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രമായ ഭീകരന്‍ മസൂദ് അസ്ഹറിന്റെ അനുജന്‍ മുഫ്‌തി റൗഫ് അസ്‌ഗർ

ജമ്മു. വ്യാഴാഴ്‌ച പുലര്‍ച്ചെ ജമ്മു കാശ്‌മീരിലെ നഗ്രോതയിലുണ്ടായ തീവ്രവാദി ആക്രമണ ശ്രമത്തിന് പിന്നില്‍ മുംബയ് ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രമായ ഭീകരന്‍ മസൂദ് അസ്ഹറിന്റെ അനുജന്‍ മുഫ്‌തി റൗഫ് അസ്‌ഗറെന്ന് വിവരം. ജി.പി.എസ് മുഖാന്തിരവും മൊബൈല്‍ ഫോണ്‍ വിളികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനപ്പെട്ട ഒരു ആക്രമണത്തിന് കോപ്പുകൂട്ടിയാണ് ഭീകരര്‍ എത്തിയത്. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് ഓപ്പറേഷണല്‍ കമാന്റര്‍മാരായ മുഫ്‌തി റൗഫ് അസ്‌ഗര്‍,ക്വാരി സരാര്‍ എന്നിവരുമായി നിരന്തരം സംസാരിച്ചിരുന്നു.

വെള‌ളിയാഴ്‌ച പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ഈ വിവരങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിച്ചു.
ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിം‌ഗ്‌ല എന്നിവരും രണ്ട് ഇന്റലിജന്‍സ് ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വലിയ ആക്രമണം തടഞ്ഞ സുരക്ഷാ സേനയെ പ്രധാനമന്ത്രി പിന്നീട് അഭിനന്ദിച്ചു. പാകിസ്ഥാന്‍ ജെയ്‌ഷെ മുഹമ്മദ് പോലെയുള‌ള ഭീകര സംഘടനകളെ ഉപയോഗിച്ച്‌ ഇന്ത്യക്കെതിരെ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനും ബാലാകോട്ട് ആക്രമണങ്ങള്‍ പോലെയുള‌ള രൂക്ഷമായ ആക്രമണപദ്ധതികള്‍ക്കും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നഗ്രോത ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികളും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള‌ളവരാണ്. ഇവരില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. പതിനൊന്ന് എ.കെ-47തോക്കുകള്‍, 30 ചൈനീസ് ഗ്രനേഡുകള്‍, എ.കെ 47 തോക്കില്‍ നിറക്കാനുള‌ള തിരകള്‍, 20 കിലോ ആര്‍.ഡി.എക്‌സ് എന്നിവയാണ് കണ്ടെത്തിയത്. ഇത് വലിയ ആക്രമണങ്ങള്‍ക്ക് തന്നെ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ്. സൈന്യം ജീവനോടെ പിടികൂടാന്‍ ശ്രമിച്ച തീവ്രവാദികള്‍ പിടിനല്‍കാതെ വെടിവയ്‌പ്പ് തുടര്‍ന്നത് ഇവര്‍ പ്രത്യേക പരീശീലനം നേടിയ ചാവേര്‍ പോരാളികളാണെന്നുള‌ളതിന് തെളിവാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.