Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ശബരിമല പതിനെട്ടാംപടിക്കു താഴെ അണഞ്ഞ ആഴി വീണ്ടും ജ്വലിപ്പിച്ചു

ശബരിമല: ശബരിമലയില്‍ പതിനെട്ടാം പടിക്ക് താഴെയുള്ള അണഞ്ഞ ആഴി വീണ്ടും ജ്വലിപ്പിച്ചു. തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ആഴിയില്‍ നെയ്‌ത്തേങ്ങയിടാന്‍ ആളില്ലാതായി. ഇതോടെയാണ് ആഴി അണഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആഴി അണഞ്ഞത്. സംഭവം വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നെയ്‌ത്തേങ്ങയുടെ കുറവുകാരണം ചെറിയ തീനാളം മാത്രമാണ് ആഴിയില്‍ ഉണ്ടായിരുന്നത്. കനത്ത മഴയില്‍ ആ തീനാളവും അണയുകയായിരുന്നു. പിന്നീട് ഭക്തര്‍ സമര്‍പ്പിച്ച നെയ് ത്തേങ്ങകള്‍ കുരങ്ങന്‍മാര്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ ഭക്തര്‍ ആശങ്ക അറിയിച്ചതോടെ ഇന്നലെ ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന ദീപം കൊണ്ട് അഴി ജ്വലിപ്പിക്കുകയായിരുന്നു.

തീര്‍ത്ഥാടനകാലത്ത് അണയാതെ കത്തിജ്വലിക്കുന്ന ആഴി ആദ്യമായാണ് അണഞ്ഞത്. ഭക്തര്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങകളാണ് ആഴിയില്‍ സമര്‍പ്പിക്കുന്നത്. നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിച്ച ശേഷമാണ് തേങ്ങ ആഴിയില്‍ സമര്‍പ്പിക്കുന്നത്. ഇവ കത്തി ഉയരുന്ന അഗ്‌നിനാളങ്ങള്‍ സന്നിധാനത്തെ ചൈതന്യമേകുന്ന കാഴ്ചയാണ്.

നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വിലയം പ്രാപിക്കുമെന്നും നെയ്യ് നീക്കിയ തേങ്ങ ജഡശരീരമായി മാറുമെന്നുമാണ് വിശ്വാസം. അതിനാലാണ് നാളികേരം ഭക്തര്‍ ആഴിയില്‍ സമര്‍പ്പിക്കുന്നത്. ഈ നാളികേരം കത്തുമ്പോള്‍ ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ ഇല്ലാതാക്കുന്നുവെന്നും വിശ്വസിക്കുന്നു.