Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കാട്ടുപന്നികള്‍ക്ക് മാന്‍ പാര്‍ക്ക് മാതൃകയില്‍ വളര്‍ത്തുകേന്ദ്രം: സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ച് ജോര്‍ജ്ജ് അലക്‌സാണ്ടര്‍

തിരുവല്ല: ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ സംരക്ഷിക്കാന്‍ മാന്‍ പാര്‍ക്ക് മാതൃകയില്‍ വളര്‍ത്തുകേന്ദ്രം നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവുമായി തിരുവല്ല പുറമറ്റം മുണ്ടമല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് അലക്‌സാണ്ടര്‍.

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ജീവനോടെ പിടിച്ച് ജനവാസ കേന്ദ്രങ്ങള്‍ അല്ലാത്ത മേഖലകളില്‍ പ്രത്യേക മതില്‍ കെട്ടിത്തിരിച്ച് തയാറാക്കിയ ഇടങ്ങളില്‍ വിടുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന നിര്‍ദ്ദേശമാണ് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുന്നോട്ടുവെച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം നിവേദനമായി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.

കാട്ടില്‍ മാന്‍ പെരുകിയപ്പോള്‍ മാന്‍ പാര്‍ക്ക് തുടങ്ങിയ അതേ തത്വം ഇവിടെ പരീക്ഷിക്കാം. ആണ്‍, പെണ്‍ വര്‍ഗങ്ങളെ വ്യത്യസ്ത കോമ്പൗണ്ടുകളില്‍ പാര്‍പ്പിക്കാം. ഭക്ഷ്യയോഗ്യമായ മിച്ച ഭക്ഷണവും മറ്റും അവിടെ നല്‍കിയാല്‍ ആഹാരമാകും. സര്‍ക്കാര്‍ ഭൂമിയുള്‍പ്പടെ സ്വദേശത്തും വിദേശത്തുമുള്ളവരുടെ ഭൂമി കാടുപിടിച്ച് വനത്തിനു സമാനമായി കിടക്കാന്‍ അനുവദിക്കരുത്.

ഇത്തരം ‘നാടന്‍ വനങ്ങള്‍’ വെട്ടിത്തെളിക്കുവാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ടവരെ കാടുതെളിക്കുവാന്‍ നിയോഗിച്ചാല്‍ തൊഴിലും പഞ്ചായത്തിന് വരുമാനവും ഉണ്ടാകും. പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ഇതര സാമൂഹിക സാമുദായിക സന്നദ്ധ സംഘടനകള്‍ എന്നിവ മുന്നിട്ടിറങ്ങി അധികൃതരുടെയും വസ്തു ഉടമകളുടെയും അറിവോടും അനുവാദത്തോടും കൂടി കാടുകള്‍ ഇല്ലാതാക്കുന്നതിന് ശ്രമദാനം നടത്താം. ചെറിയൊരു തുകയും ഈടാക്കാം.

കാട്ടുപന്നി കയറുന്ന പുരയിടം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സന്ദര്‍ശിച്ച് കണക്കെടുത്ത് രണ്ടാഴ്ച്ചക്കുള്ളില്‍ കര്‍ഷകനു നഷ്ടപരിഹാര തുക നല്‍കണം. നിരാശജനകമായ ഇന്നത്തെ സാഹചര്യത്തില്‍ കര്‍ഷകരെ പൂര്‍ണമായും സംരക്ഷിക്കുന്ന ആലോചനകളും നടപടികളും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇല്ലെങ്കില്‍ കര്‍ഷകര്‍ കൃഷി അവസാനിപ്പിക്കും. ഇതു ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ നിവേദനത്തില്‍ പറഞ്ഞു.