Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കോവിഡ്19: പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗം നടത്തി

ന്യൂഡല്‍ഹി: കോവിഡ് 19 രൂക്ഷമായ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികള്‍ക്കുമായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച തയ്യാറെടുപ്പുകളെ പറ്റി അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉന്നതതലയോഗം ചേര്‍ന്നു. ഹരിയാന, ഡല്‍ഹി, ചത്തീസ്ഗഡ്, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം യോഗം പ്രത്യേകം അവലോകനം ചെയ്തു.

വാക്‌സിന്‍ വിതരണ, നിര്‍വഹണ നടപടി ക്രമങ്ങളെപറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ അടിസ്ഥാന സൗകര്യവികസനം വര്‍ദ്ധിപ്പിക്കുന്നതിനായി പരിശോധനാ, ചികിത്സ സംവിധാനങ്ങള്‍ വിപുലീകരിച്ചതായും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് പി എം കെയേര്‍സ് ഫണ്ട് വഴി പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ ഉല്‍പാദനത്തിന് മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും 160 പുതിയ ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ മഹാമാരിയോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ഇതിനെ നാല് ഘട്ടമായി തിരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭയത്തിന്റെ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ സംഭ്രമരായാണ് മഹാമാരിയെ നേരിട്ടത്. നിരവധി ആളുകള്‍, തങ്ങള്‍ക്ക് രോഗം ഉണ്ടായത് മറച്ചുവയ്ക്കാന്‍ ശ്രമിച്ച രണ്ടാംഘട്ടത്തില്‍ വൈറസിനെ പറ്റി നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവന്നു. അംഗീകാരത്തിന്റെ മൂന്നാംഘട്ടത്തില്‍ ജനങ്ങള്‍ വൈറസിനെ ഗൗരവമായി പരിഗണിക്കുകയും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് വര്‍ധിച്ചതോടെ വൈറസ് ബാധില്ലെന്ന തെറ്റായ ധാരണ മൂലം അശ്രദ്ധയോടെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നതാണ് നാലാംഘട്ടം എന്ന് അദ്ദേഹം പറഞ്ഞു. നാലാംഘട്ടത്തില്‍ വൈറസിന്റെ ഗൗരവത്തെ പറ്റി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും തുടര്‍ച്ചയായി ബോധവല്‍ക്കരണം നടത്താനും ആവശ്യപ്പെട്ടു. മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ ആക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സുഗമമായ, സുസ്ഥിര ക്രമത്തോടെയുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ വികസനത്തെപ്പറ്റി ഗവണ്‍മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഗവേഷകരും ഉല്‍പാദകരും ആഗോളതലത്തിലെ സ്ഥാപനങ്ങളും അന്താരാഷ്ട്ര കമ്പനികളുമായി ഗവണ്‍മെന്റ് നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണന എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാക്‌സിന്‍ സംഭരണത്തിനായുള്ള അധിക ശീതീകരണ സംവിധാനങ്ങളുടെ ആവശ്യകതയെപ്പറ്റി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന, ജില്ലാതല കര്‍മ്മ സമിതികള്‍ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പ്രശംസിച്ച മുഖ്യമന്ത്രിമാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റിന് നന്ദി അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും നിലവിലെ സ്ഥിതിയെ പറ്റിയുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രിമാര്‍ അവതരിപ്പിച്ചു. വാക്‌സിനേഷന്‍ പരിപാടിക്ക് ഉള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.