Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

മന്ത്രി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വ്വകലാശാല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയ പരാതി പരിശോധിക്കാന്‍ തയ്യാറാകാതെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വ്വകലാശാല.മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, സര്‍വ്വകലാശാലാ വി സിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബിരുദം ചട്ടപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്ന വിശദീകരണം വി സി നല്‍കിയിരിക്കുന്നത്.

ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്ന ആക്ഷേപം പരാതിയില്‍ ഉന്നയിച്ചിരുന്നില്ല. മന്ത്രിയുടെ പ്രബന്ധത്തില്‍ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധ വിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുവാന്‍ വിസി തയ്യാറായില്ല.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ കുറിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്നും 2006 ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഗവേഷണ പ്രബന്ധങ്ങളില്‍ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്ന വിചിത്രമായ വാദഗതി പരാതി പുറത്തുവന്നപ്പോള്‍ തന്നെ മന്ത്രി ഉന്നയിച്ചിരുന്നു.

പ്രബന്ധത്തില്‍ തെറ്റുകളുണ്ടെങ്കില്‍ അവ പൂര്‍ണമായും തിരുത്തിയതിന് ശേഷം മാത്രമേ സര്‍വ്വകലാശാല ഡിഗ്രി നല്‍കുവാന്‍ പാടുള്ളൂ. ഈ പ്രബന്ധങ്ങള്‍ പില്‍ക്കാലത്ത് ഗവേഷണവിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സര്‍വ്വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്. എന്നാല്‍ ജലീലിന്റെ പ്രബന്ധത്തില്‍ ഇത് പാലിച്ചിട്ടില്ലെന്ന് മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകള്‍ നീക്കം ചെയ്യിക്കാനോ സര്‍വകലാശാല തയ്യാറാകുന്നില്ല.

യുജിസി നിര്‍ദ്ദേശപ്രകാരം പ്രബന്ധങ്ങള്‍ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. മന്ത്രിയുടെ പ്രബന്ധം നാളിതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കമാവുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുവാന്‍ അദ്ദേഹം തന്നെ പ്രോ ചാന്‍സലറായ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയ ഗവര്‍ണറുടെ നടപടി യുക്തിസഹമല്ലെന്നും അതുകൊണ്ട് പ്രബന്ധം പരിശോധിക്കാന്‍ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടു.