Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ള വിതരണം

ശബരിമല: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഔഷധ കുടിവെള്ളം വിതരണം നടത്തുന്നു. പമ്പ, ചരല്‍മേട്, ജോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളിലാണ് തീര്‍ഥാടകര്‍ക്കായി ഔഷധകുടിവെള്ളം വിതരണം ചെയ്യുന്നത്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസിലാണ് ഔഷധകുടിവെള്ളം കൊടുക്കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്താണ്‌
കുടിവെള്ളം തയ്യാറാക്കുന്നത്. വിതരണ കേന്ദ്രങ്ങളില്‍തന്നെയാണ് ഔഷധകുടിവെള്ളം തയാറാക്കുന്നത്.

ഉപയോഗിച്ച പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ് പ്രത്യേക ശേഖരണിയിലാക്കി സംസ്‌ക്കരിക്കുന്നു. പമ്പ ആഞ്ജനേയ ഓഡിറ്റേറിയത്തില്‍ തീര്‍ഥാടകര്‍ 200 രൂപ ഡിപ്പോസിറ്റ് നല്‍കിയാല്‍ സ്റ്റീല്‍ കുപ്പിയില്‍ ഔഷധകുടിവെള്ളം ശേഖരിക്കുന്നതിനായി നല്‍കുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ച് സ്റ്റീല്‍ കുപ്പി പമ്പയിലെ കൗണ്ടറില്‍തിരിച്ച് നല്‍കുമ്പോള്‍ ഡിപ്പോസിറ്റായി വാങ്ങുന്ന 200 രൂപ തിരികെ നല്‍കും.

നാല് ഔഷധകുടിവെള്ള വിതരണ കേന്ദ്രങ്ങളിലായി 55 താല്‍ക്കാലിക ജീവനക്കാര്‍ ദിവസം എട്ട് മണിക്കൂര്‍ സേവനം ചെയ്യുന്നു. ഒരു ഷിഫ്റ്റില്‍ മൂന്നു മുതല്‍ നാല് ജീവനക്കാര്‍ വരെ നിലവില്‍ സേവനത്തിലുണ്ട്. കുടിവെള്ളം വിതരണം നടത്തുന്നവര്‍ മാസ്‌ക്ക്, മുഖഷീല്‍ഡ്, കൈയുറ എന്നിവ ധരിച്ച് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഔഷധകുടിവെള്ളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല ധനു.എസ് കൃഷ്ണനാണ്.