Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

പ്രളയ ബാധിതർക്കായി രാഹുൽ ഗാന്ധി കൊടുത്തു വിട്ട ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ചു നശിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് വെട്ടിൽ വീണ് കോൺഗ്രസ്

കോഴിക്കോട്. മലപ്പുറം നിലമ്ബൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികള്‍ മുഴുവന്‍ പുഴുവരിച്ച് നശിച്ചു. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയില്‍ കണ്ടെത്തിയത്.

സാധനങ്ങള്‍ കൊണ്ടുവന്ന് ഇറക്കിയപ്പോള്‍ സ്ഥലത്ത് നല്ല മഴയായിരുന്നു. സാധനങ്ങള്‍ പലതും മഴ കൊണ്ട് നനഞ്ഞുപോയി. അങ്ങനെ ഭക്ഷ്യവസ്തുക്കള്‍ പലതും നശിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ നിലമ്ബൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ന്യായീകരണം.

എന്നാല്‍ വാഷിംഗ് പൗഡറടക്കമുള്ള ശുചീകരണവസ്തുക്കളും, പാക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കളും ഇതിലുണ്ടായിരുന്നു. അതൊന്നും വിതരണം ചെയ്യാഞ്ഞതെന്ത് എന്നതിന് ഇവര്‍ക്ക് മറുപടിയുമില്ല.

ഭക്ഷ്യവസ്തുക്കള്‍ മഴ നനഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ക്ക് കൊടുക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും മറുപടിയില്ല. സംഭവിച്ചതെന്തെന്ന് പരിശോധിച്ച്‌ വരികയാണെന്നാണ് ഡിസിസിയുടെ പ്രതികരണം.

”എന്താണ് സംഭവിച്ചതെന്നതില്‍ പ്രാദേശികസമിതിയോട് വിശദീകരണം തേടിയിട്ടുണ്ട്. നിലമ്ബൂര്‍ മുന്‍സിപ്പ‌ല്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും”, എന്നാണ് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് വ്യക്തമാക്കിയത്. ആദിവാസി, ഗോത്രമേഖലയില്‍ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂര്‍ണമായും നശിച്ചത്.

ആയിരക്കണക്കിന് രൂപയുടെ സാമഗ്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായ സ്ഥിതിയാണ്. ഒന്നരക്കൊല്ലമായി ഇതിവിടെ കെട്ടിക്കിടക്കുകയാണ് എന്നതുകൊണ്ടുതന്നെ, പാക്കറ്റിലാക്കിയ സാധനങ്ങള്‍ പോലും ഇനി ഉപയോഗിക്കാവുന്ന സ്ഥിതിയിലല്ല. ആകെ എത്ര രൂപയുടെ സാധനങ്ങള്‍ നശിച്ചുവെന്ന് പോലും കൃത്യമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ല. അതേസമയം, സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം എംഎല്‍എ പി വി അന്‍വറിന്‍റെ നേതൃത്വത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ചൊവ്വാഴ്ച ഈ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കടമുറി വാടകയ്ക്ക് കിട്ടുമോ എന്നറിയാന്‍ ഒരു സംഘമാളുകള്‍ എത്തിയിരുന്നു. അതിനായി അടച്ചിട്ട കടമുറികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത്രയധികം വസ്തുക്കള്‍ നശിച്ചുകിടക്കുന്നത് കണ്ടത്. ഭക്ഷ്യവസ്തുക്കള്‍ പോലും പുഴുവരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു കിടന്നിരുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് എത്തിച്ച പ്രളയദുരിതാശ്വാസസാമഗ്രികള്‍ പോലും ഇവിടെ തടഞ്ഞുനിര്‍ത്തി ഇറക്കിവയ്പിച്ചുവെന്ന ആരോപണവും സിപിഎം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. അത് വിതരണം ചെയ്യാതെ കൂട്ടിവച്ചതിലൂടെ സ്ഥലത്തെ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വം കാണിച്ചത് ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ്.

വയനാട് , മലപ്പുറം ജില്ലകളിലെയും പ്രളയ ദുരിത ബാധിതര്‍ക്കായി ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി നല്‍കിയിരുന്നത്.
ഇന്നലെ രാത്രി വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗോഡൗണ്‍ മറ്റൊരു താഴിട്ട് പൂട്ടിയിരുന്നു. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രാത്രി നിലമ്ബൂര്‍ – ഗൂഡല്ലൂര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു