Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട: പിടികൂടിയത് 110 കിലോ കഞ്ചാവ്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. ഇത്തവണ പിടികൂടിയത് 110 കിലോ കഞ്ചാവാണ്. അങ്കമാലിയില്‍ രണ്ട് കാറുകളിലായി കടത്താന്‍ ശ്രമിച്ച 110 കിലോ കഞ്ചാവാണ് പിടികൂടിയത്. എറണാകുളം റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തി 110 കിലോ കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്ദു, തൊടുപുഴക്കാരായ നിസാര്‍, അന്‍സല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ രണ്ടിന് ആലുവ നര്‍ക്കോടിക് സെല്‍ ഡി വൈ എസ് പി മധു ബാബു, അങ്കമാലി സി.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന കാറുകള്‍ അങ്ങാടിക്കടവ് ജംക്ഷനില്‍ തടഞ്ഞു. രണ്ട് കാറുകളില്‍ 50 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആദ്യ വാഹനത്തില്‍ ചെറിയ അളവ് കഞ്ചാവേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ വാഹനം ലോറി വട്ടമിട്ട് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ ആവോലിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു. കല്ലൂര്‍ക്കാട് പൊലീസ് എത്തിയാണ് ഇവിടെ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.