Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രണ്ട് ലക്ഷത്തിന്മേൽ പണമായി കൊടുക്കുകയോ വാങ്ങുകയോ ചെയ്താൽ കുടുങ്ങും

ന്യൂഡല്‍ഹി. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാള്‍ രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ ഇനി പണമായി കൈപ്പറ്റിയാല്‍ കാത്തിരിക്കുന്നത് ആദായനികുതി നിയമപ്രകാരം പിഴ. ഒരു ഇടപാടിന്റെ പേരില്‍ ഒന്നോ അതിലധികമോ തവണയായി ഒരുദിവസം രണ്ടുലക്ഷമോ അതിലധികമോ തുക പണമായി കൈപ്പറ്റിയാലാണ് ആദായ നികുതി വകുപ്പ് സെക്ഷന്‍ 269 എസ്.ടി പ്രകാരം പിഴ അടയ്‌ക്കേണ്ടി വരുക.

നികുതിവെട്ടിച്ചുള്ള പണമിടപാടുകളും കള്ളപ്പണവും തടയുകയാണ് ഇതിലൂടെ ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടുലക്ഷം രൂപ മുതല്‍ക്കുള്ള തുക അക്കൗണ്ട് പേയീ ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റയോ ഇലക്‌ട്രോണിക് ക്ലിയറിംഗ് സിസ്റ്റം (ഇ.സി.എസ്) വഴിയോ കൈമാറാനാണ് നിയമം അനുശാസിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യൂണിഫൈഡ് പേപെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ), റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍.ടി.ജി.എസ്), നാഷണല്‍ ഇലക്‌ട്രോണിക്സ് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി), ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) എന്നീ മാര്‍ഗങ്ങളാണ് ഇ.സി.എസില്‍ ഉള്‍പ്പെടുന്നത്.

രണ്ടുലക്ഷം രൂപയോ അതിലധികമോ പണമായി കൈമാറിയതിന് പിടിക്കപ്പെട്ടാല്‍, സെക്ഷന്‍ 271 ഡി.എ. പ്രകാരം ആ തുക മുഴുവന്‍ പിഴയായി അടയ്‌ക്കേണ്ടി വരും. അതേസമയം, പണം കൈമാറ്റത്തിന് തൃപ്തികരമായ കാരണം ബോദ്ധ്യപ്പെടുത്തിയാല്‍ പിഴയില്‍ നിന്ന് ഒഴിവാകാം.

സര്‍ക്കാരുകള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.ടി ബാധകമല്ല. ഇവയ്ക്ക് രണ്ടുലക്ഷമോ അതിലധികോ രൂപ പണമായി ഇടപാട് നടത്താം.