ഫുട്ബോളിനെ ആരാധിക്കുന്നവര്‍ക്ക് ജീവശ്വാസമാണ് ഡീഗോ മറഡോണ എന്ന കുറിയ മനുഷ്യന്. ഫുട്ബോളില്‍ കവിത രചിച്ച ഇതിഹാസകാരന്, ലോക ഫുട്ബോളില്‍ നിന്ന് ഒരിക്കലും എടുത്തു മാറ്റാന്‍ പറ്റാത്ത അദ്ധ്യായം, കാല്പന്തുകളിയിലെ ദൈവം തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് മറഡോണയ്ക്ക്. രംഗബോധമില്ലാത്ത കോമാളിയായി ഫൗള്‍ പ്ലേ കളിക്കുന്ന റഫറിയെ പോലെ മരണം അദ്ദേഹത്തെ നമ്മളില്‍ നിന്ന് കളിക്കളത്തിന് പുറത്താക്കിയിരിക്കുന്നു.
വിജയപരാജയങ്ങളോ സ്വന്തമാക്കിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടല്ല ഫുട്ബോള്‍ ലോകം മറഡോണയെ വിലയിരുത്തുന്നത്. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂടെ കളിക്കുന്നവര്‍ക്ക് വിദഗ്ദ്ധമായി പന്തു കൈമാറാനും ആ കൈമാറ്റം അതിസൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് കഴിഞ്ഞിരുന്നു. ഫൗള്‍ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികള്‍ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ച മറഡോണയെ ലോക ശ്രദ്ധയിലേക്കുയര്ത്തിയതും അവിസ്മരണീയനാക്കിയതും 1986 ലെ ലോക കപ്പാണ്. ഈ ലോക കപ്പിലെ സെമി ഫൈനല്‍ റൗണ്ടില്‍ മറഡോണയെ പ്രസിദ്ധനാക്കിയ രണ്ടു ഗോളുകള്‍ പിറന്നു. ആ രണ്ടു ഗോളുകളും ചരിത്രത്തിലിടം പിടിച്ചു. ഒന്നാമത്തേത്, റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോളാണ്. ഇത് ‘ദൈവത്തിന്റെ കൈ’ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടി. രണ്ടാമത്തേത്, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ ഗോളാണ്. ഇത് നൂറ്റാണ്ടിന്റെ ഗോള്‍ ആയി വിശേഷിപ്പിക്കപ്പെട്ടു. ആ കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.
1960 ഒക്ടോബര്‍ 30 ന് ബ്യൂണസ് അയേഴ്സിന്റെ തെക്കന്‍ പ്രദേശത്തെ ഒരു ചേരിയില്‍ ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കായി കളിച്ചു തുടങ്ങി. പത്താംവയസ്സില്‍ എസ്ട്രെല്ല റോജ എന്ന തദ്ദേശീയ ക്ലബിനു വേണ്ടി കളിക്കുമ്പോള്‍ത്തന്നെ വ്യത്യസ്തമായ പ്രകടനങ്ങള്‍ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടര്‍ന്ന് അര്‍ജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയര്‍ ടീമായ ലോസ് സെബൊളിറ്റാസില്‍ അംഗമായി. അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന് കളികളുടെ ഇടവേളകളിലെ പന്തടക്ക പ്രകടനങ്ങള്‍ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നല്കി. 16 വയസാവുന്നതിനു മുന്‍പു തന്നെ അര്‍ജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണില്‍ കളിക്കാനാരംഭിച്ചു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു മറഡോണ.
1976 മുതല്‍ 1980 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങള്‍ കളിക്കുകയും 111 ഗോളുകള്‍ നേടുകയും ചെയ്തു. 1981 ല്‍ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. 1982ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1984ല്‍ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. അതിലെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായി.
1984 മുതല്‍ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ വിജയങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇക്കാലം മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നു. 1991 മാര്‍ച്ച് 17 ന് ഒരു ഫുട്ബോള്‍ മല്‍സരത്തിനു ശേഷമുള്ള പരിശോധനയില്‍ മറഡോണ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് 15 മാസത്തേക്ക് ഫുട്ബോളില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. ഈ സംഭവത്തിനുശേഷം 1992ല്‍ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വര്‍ഷം സെവിയ്യക്കു വേണ്ടി കളിച്ചു. പിന്നീട് 1993 ല്‍ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതല്‍ 1995 വരെ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയ്സിനു വേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.
1997 നുശേഷം മറഡോണ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതല്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 2010 ദക്ഷിണാഫ്രിക്കന്‍ ലോക കപ്പില്‍ മെസ്സിയുള്‍പ്പെടെയുള്ള അര്‍ജന്റീന ടീമിനെ പരിശീലിപ്പിച്ച് കോച്ചായി മറഡോണയെത്തിയെങ്കിലും ടീം ക്വാര്‍ട്ടറില്‍ വീണു. പിന്നീട് മറഡോണ ദുബായിലും മറ്റും ടീമുകളുടെ പരിശീലകനായാണ് എത്തിയത്. പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ ആ ഇതിഹാസ കളിക്കാരനോടുള്ള ആദരസൂചകമായി നാപ്പോളി 2000 ല്‍ ആ ജഴ്സി മറ്റാര്‍ക്കും നല്‍കാതെ പിന്‍വലിച്ചു എന്നതും ചരിത്രം.
ഒരു തിരിച്ചു വരവിന്റെ തുടക്കത്തിലാണ് മറഡോണ കളത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് രണ്ടു നൂറ്റാണ്ടുകളെ ത്രസിപ്പിച്ച മറഡോണയ്ക്ക് പകരക്കാരനില്ല. കാല്പന്തു കളിയിലെ കറുത്ത മുത്ത് പെലെ അരങ്ങൊഴിഞ്ഞ മറഡോണയെ അനുസ്മരിച്ചത് ഇങ്ങനെയാണ്, ‘മുകളിലുള്ള ആകാശത്തില്‍ നാം ഒരുമിച്ച് പന്തു തട്ടുന്ന ഒരു ദിനം വരും’. മറഡോണയ്ക്കുള്ള പെലെയുടെ ഈ വാക്കുകളേക്കാള്‍ വലിയ ഒരനുസ്മരണം സ്വപ്നങ്ങളില്‍ മാത്രം.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.