Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ദേശീയ പണിമുടക്ക് ആരംഭിച്ചു കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമാനം

ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങളാണ് എന്ന് ആരോപിച്ച്‌ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്.

കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമാനമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇന്‍ഷ്വറന്‍സ്, റെയില്‍വെ, ഖനി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വരുമാന നികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോ സൗജന്യ റേഷന്‍, തൊഴിലുറപ്പുതൊഴില്‍ ദിനങ്ങള്‍ ഇരുനൂറാക്കി വര്‍ധിപ്പിക്കുക- വേതനം കൂട്ടുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിദ്രോഹ ചട്ടങ്ങളും പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കലിന് വഴിയൊരുക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

കാര്‍ഷികനയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച തുടക്കമാകും. ഡല്‍ഹിയില്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷികനിയമവും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ ഹരിയാനയില്‍ വ്യാപകമായി കര്‍ഷകനേതാക്കളെ അറസ്റ്റുചെയ്തു.പൊലീസ് തടഞ്ഞാല്‍ അവിടെ കുത്തിയിരിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.