Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ജൈവകൃഷിയില്‍ മിത്രകീടങ്ങള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം എങ്ങനെ

മിത്രകീടങ്ങള്‍ മുഖേനയുള്ള കീടനിയന്ത്രണമായിരുന്നു പഴയകാലങ്ങളില്‍ പ്രകൃതിദത്തമായ കീടനിയന്ത്രണം. എന്നാല്‍ രാസകീടനാശിനികളുടെ ഉപയോഗം മൂലം മിത്രകീടങ്ങള്‍ നശിക്കുന്നതിനാല്‍ പ്രകൃതിദത്തമായ രീതിയില്‍ കീടനിയന്ത്രണം നടക്കുന്നില്ല. കൃത്രിമമായി മിത്രകീടങ്ങളെ ഉല്പാദിപ്പിച്ച് കൃഷിസ്ഥലങ്ങളില്‍ വിതരണം ചെയ്ത് കീടങ്ങളെ നശിപ്പിക്കുന്ന രീതിക്ക് ഇന്ന് വളരെ പ്രചാരം കിട്ടിയിട്ടുണ്ട്.

പച്ചക്കറികളിലെ വെള്ളീച്ചയെ നിയന്ത്രിക്കുവാന്‍ റേന്ത പത്ര ജീവികളെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. വെള്ളീച്ചയെ കൂടാതെ മുഞ്ഞ, ഇലപ്പേന്‍, മീലി മൂട്ട എന്നീ മൃദുശരീര ജീവികളെയും ഇവര്‍ നശിപ്പിക്കുന്നു. റേന്ത പത്ര ജീവികളുടെ മുട്ടകള്‍ അടങ്ങിയ ടിന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത് സസ്യങ്ങളുടെ ഇലകളില്‍ അതിരാവിലെയോ വൈകുന്നേരമോ നിക്ഷേപിക്കുക.

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍ നീറുകളുടെ കൂടുകള്‍ പയര്‍പടപ്പില്‍ വയ്ക്കുന്നത് ഫലപ്രദമാണ്.

പാവല്‍, പടവം തുടങ്ങിയ വിളകളില്‍ കാണുന്ന എപ്പിലാക്‌ന വണ്ടുകളെ നിയന്ത്രിക്കുവാന്‍ ക്രൈസോക്കാരിസ് എന്ന മിത്ര പ്രാണിയെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്.

പയര്‍, വെണ്ട, വഴുതന എന്നിവയെ ആക്രമിക്കുന്ന കായ്തുരപ്പന്‍ പുഴുക്കളെ മുട്ടയായിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രിക്കുവാനായി ട്രൈക്കോഗ്രാമ എന്ന ചെറിയ പ്രാണികളെ വിപുലമായി ഉപയോഗിച്ചുവരുന്നുണ്ട്. ഈ പ്രാണി കലവറകീടത്തിന്റെ മുകളില്‍ പരാഗീകരിച്ചുണ്ടാകുന്ന മുട്ടകള്‍ ഒട്ടിച്ച കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ മുട്ടകളില്‍ നിന്ന് പ്രാണികള്‍ വിരിഞ്ഞിറങ്ങുന്നതിനു മുന്‍പ് സസ്യങ്ങളുടെ ഇലകളില്‍ ക്ലിപ് ചെയ്ത് വെയ്ക്കണം. വിരിഞ്ഞിറങ്ങുന്ന പ്രാണികള്‍ കീടത്തിന്റെ മുട്ടകളെ നശിപ്പിക്കുന്നു.

മണ്ഡരി, മുഞ്ഞ, ഏഫിഡ് തുടങ്ങിയവയെ നിയന്ത്രിക്കുവാനായി ക്രൈസോപ്പര്‍ല കാര്‍ണിയ എന്ന എതിര്‍ പ്രാണികളെ ഉപയോഗിച്ചുവരുന്നുണ്ട്. ഈ എതിര്‍പ്രാണികളുടെ മുട്ടകള്‍ വിരിയാന്‍ തുടങ്ങുന്ന അവസ്ഥയില്‍ കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ ഇലപ്പേനുകളെ നശിപ്പിക്കുന്നതാണ്.

കൃഷിയിടങ്ങളില്‍ കാണുന്ന സുന്ദരിവണ്ടുകള്‍, ആനത്തുമ്പി, കുതിരത്തുമ്പി, നീണ്ട കൊമ്പുള്ള പച്ചത്തുള്ളന്‍, ചിലയിനം ചീവീടുകള്‍, വിവിധതരത്തിലുള്ള എട്ടുകാലികള്‍ എന്നിങ്ങനെ പലതരത്തിലുള്ള മിത്ര പ്രാണികള്‍ കീടങ്ങളെ നശിപ്പിക്കുന്നതിന് സഹായകമാണ്.

ഡോ. സി.കെ. പീതാംബരന്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണവിഭാഗം മുന്‍ ഡയറക്ടര്‍