Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

കര്‍ഷകസമരം ഒത്തു തീര്‍ക്കണം

ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരം അതിന്റെ പിന്നാമ്പുറങ്ങള്‍ കാണാതിരുന്നുകൂടാ. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്ക് ഭരണച്ചുമതല നല്‍കുന്നത് ജനകീയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. ആ വോട്ടുകളാണ് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റുമ്പോള്‍ ഭരിക്കാന്‍ അവസരം കൊടുക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്.

ഇപ്പോഴത്തെ കര്‍ഷക നിയമത്തിന്റെ പേരില്‍ നടക്കുന്ന സമരം ജനാധിപത്യത്തിന്റെ ആഭാസമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിനെതിരെ വീണ്ടും സമരവുമായി തെരുവിലിറങ്ങുന്ന വ്യാജന്മാരുടെയും ജനാധിപത്യ വിരുദ്ധരുടെയും പോരാട്ടമാണ് ഈ നിഗമനത്തിന് കാരണം. ഷഹീന്‍ബാഗില്‍ സി എ എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വൃദ്ധ മുതല്‍ സമീര്‍ അലി എന്ന ജിഹാദി വരെ ഇപ്പോള്‍ കുപ്പായം മാറ്റി കൃഷിക്കാരുടെ വേഷത്തില്‍ അണി നിരക്കുമ്പോള്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്കു പോലും സംശയം മണക്കുന്നു. സിഖുകാരെ പോലെ തലപ്പാവ് കെട്ടിയ ഒരാളിന്റെ തലപ്പാവ് പോലീസ് പൊക്കിയപ്പോള്‍ സിഖുകാരുടെ നീട്ടിവളര്‍ത്തിയ മുടിയ്ക്കു പകരം പറ്റെ വെട്ടിയ മുടിയാണ് കണ്ടത്. ആളെ തിരിച്ചറിഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകന്‍ തന്നെ. ഇവിടെയാണ് ഈ സമരം സംശയാസ്പദമാകുന്നത്.

സമരം ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്ക്കു വിളിച്ചു. കൃഷിക്കാര്‍ക്ക് എതിരായ കൃഷിക്കാരുടെ നന്മയ്ക്കും മേന്മയ്ക്കും എതിരായ ഒന്നും തന്നെ നിയമത്തിലില്ല എന്ന കാര്യം ഈ മേഖലയിലെ വിദഗ്ദ്ധരെല്ലാം അംഗീകരിക്കുന്നതാണ്. കൃഷിക്കാരന് ഏത് വിപണിയിലും സാധനങ്ങള്‍ വില്‍ക്കാന്‍ അനുമതി കിട്ടിയതോടെ പ്രാദേശിക ചന്തകളുടെയും ഇടനിലക്കാരുടെയും പകല്‍ക്കൊള്ളയില്‍ നിന്ന് അവര്‍ മോചിതരാവുകയായിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടംഛത്രത്തില്‍ മൂന്നു രൂപയ്ക്കും നാലു രൂപയ്ക്കും കൃഷിക്കാര്‍ വില്‍ക്കുന്ന തക്കാളി കേരളത്തിലെത്തുമ്പോള്‍ 60-70 രൂപയാകുന്നത് ഇടനിലക്കാരുടെ ചൂഷണമാണ്. നാഗ്പൂരില്‍ 8-12 രൂപ വരെയുള്ള സവാള കേളത്തിലെത്തുമ്പോള്‍ 80-100 രൂപയാകുന്നതും ഇതേ ഇടനിലക്കാരുടെ കൊള്ളയാണ്. ഈ കൊള്ള അവസാനിപ്പിക്കുമ്പോള്‍ പൊള്ളുന്നത് ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുള്ള കുത്തകകള്‍ക്ക് തന്നെയാണ്. കൃഷിക്കാര്‍ക്ക് ന്യായമായ വില കിട്ടാനുള്ള സംവിധാനമാണ് പുതിയ നിയമത്തിലൂടെ സംജാതമായിട്ടുള്ളത്. അഞ്ചുരൂപ വിലയുള്ള തക്കാളി തിരുവനന്തപുരത്തോ, കോഴിക്കോടോ 20 രൂപയ്ക്ക് നേരിട്ട് കിട്ടിയാല്‍ കൃഷിക്കാരനും ഉപഭോക്താവിനും ഒരേപോലെ ലാഭമാണ്. അത് ഇടനിലക്കാരെ കൊഴുപ്പിക്കില്ല. അതുതന്നെയാണ് ഇപ്പോഴത്തെ സമരത്തിന്റ കാരണവും.

നരേന്ദ്രമോദിക്കും ബി ജെ പിക്കും എതിരായ എല്ലാ സമരത്തിലും ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ കടന്നുകയറുന്നുണ്ട്. ഷഹീന്‍ബാഗില്‍ സി എ എ വിരുദ്ധ സമരം നടന്നത് ഇന്ത്യയിലെ മുസ്ലീങ്ങളെ വിദേശത്തേക്ക് ഓടിക്കാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ്. കൊല്ലം ഒന്ന് കഴിഞ്ഞിട്ടും ആരും എവിടേക്കു ഓടിയില്ല, ഓടിച്ചില്ല, പോയില്ല. അതേ ആളുകള്‍ തന്നെ ഈ സമരത്തിലും വേഷം മാറി എത്തുമ്പോള്‍ അതിന്റെ പിന്നിലെ ദുഷ്ടലാക്ക് സാധാരണക്കാര്‍ തിരിച്ചറിയണം. ഭരണാധികാരികള്‍ വരും പോകും. കാലചക്രത്തിന്റെ അനന്തപ്രവാഹത്തില്‍, ഉജ്ജ്വലമായ സാംസ്‌കാരികധാരയുടെ ശാദ്വലമായ അടിത്തറയില്‍ ഈ രാഷ്ട്രം നിലനിന്നേ മതിയാകൂ. അതുകൊണ്ട് സമരക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്ന സര്‍ക്കാരിന്റെ മുന്നിലേക്ക് എത്തണം. സമരവും ബഹളവുമില്ലാത്ത ശാന്തവും സ്വച്ഛവുമായ ഒരു രാഷ്ട്രമെന്ന നിലയിലേ നമുക്ക് പുരോഗതി ആര്‍ജ്ജിക്കാനാകൂ. ഇവിടെ ഒരുകാര്യം പറയാതിരിക്കാനാകില്ല, ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടയുടെ അലസന്മാരായ പ്രവര്‍ത്തകരെ കുറിച്ച്. സി എ എ ആയാലും കാര്‍ഷിക നിയമമായാലും അതിന്റെ നാനാവശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സംഘടനാ സംവിധാനത്തിന് കഴിയുന്നില്ലെങ്കില്‍ ബി ജെ പി ദുര്‍ബലമാണ് എന്ന് മനസ്സിലാക്കണം. അതിലാണ് വിനാശകാരികളായ വിധ്വംസകവാദികള്‍ സമരാഭാസത്തിലൂടെ നേട്ടം കൊയ്യുന്നത്.

കൃഷിക്കാര്‍ നമ്മുടെ നട്ടെല്ലാണ്. അവര്‍ക്ക് അര്‍ഹമായത് ലഭിക്കണം. അവരെ ചൂഷണം ചെയ്യാനുള്ള പഴുതുകള്‍ ഇല്ലാതാകണം. ന്യായമായ വില ഉല്പന്നങ്ങള്‍ക്ക് കിട്ടുന്ന സുതാര്യവും സുശക്തവുമായ സംവിധാനം ഉറപ്പാക്കാന്‍ കഴിയണം. നരേന്ദ്രമോദിയുടെ ആ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ തള്ളാനാകില്ല.