Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കാർഷിക നിയമത്തെ ന്യായീകരിച്ച് മോദി.കർഷകരെ ചിലർ വഴി തെറ്റിക്കുന്നു എന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാര്‍ഷിക നിയമത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്‌ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു.

ഒരുലക്ഷം കോടി കര്‍ഷക ക്ഷേമത്തിനായി കേന്ദ്രം അനുവദിച്ചു. അതേസമയം കര്‍ഷകരുമായുളള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ഡിസംബര്‍ മൂന്നിന് മുമ്ബ് നടന്നേക്കുമെന്നാണ് വിവരം. കര്‍ഷക സംഘടന നേതാക്കളുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തളളി കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് അമിത് ഷായുടെ അനുനയ നീക്കം.

ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ഡല്‍ഹി ചലോ മാര്‍ച്ച്‌ കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്.കര്‍ഷകര്‍ക്ക് 1.5 മടങ്ങ് കൂടുതല്‍ താങ്ങുവില നല്‍കാമെന്ന വാഗ്ദാനം നിറവേറ്റി. ഈ വാഗ്ദാനം കടലാസില്‍ മാത്രമല്ല, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലുമെത്തിയെന്നും മോഡി ചൂണ്ടിക്കാട്ടി.