Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ശബരിമലയില്‍ കടകള്‍ മറിച്ച് വിറ്റ സംഭവം. കടകള്‍ കണ്ടുകെട്ടാനും പുനര്‍ലേലം നടത്താനും നിര്‍ദ്ദേശം

ശബരിമല: ശബരിമലയില്‍ കടകള്‍ മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളൂം ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മറിച്ച് വിറ്റ കടകള്‍ കണ്ടു കെട്ടി പുനര്‍ ലേലം നടത്താന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ രണ്ടിന് നടക്കുന്ന ലേലത്തില്‍ വിവാദമായ കടമുറികള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറോട് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

ശബരിമലയിലെ വ്യാപാരിയായ മണിയന്‍പിള്ള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി. ശബരിമലയില്‍ കട നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുന്‍കൂര്‍ ലക്ഷങ്ങള്‍ തട്ടി എന്ന പരാതിയില്‍ ദേവസ്വം വിജിലന്‍സും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണവും നടപടികളുമുണ്ടാകും. ക്രമക്കേട് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടും ഈ കേസില്‍ നിര്‍ണ്ണായകമാകും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടകള്‍ കുറഞ്ഞ തുകക്ക് എടുത്തശേഷം വന്‍ തുകയ്ക്ക് മറിച്ച് നല്‍കുകയായിരുന്നു. ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ സംഘത്തിനെതിരെ രേഖാമൂലം പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങളെക്കുറിച്ചും ഇവരുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.