Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

ഐ എസ് ആർ ഒ ചാരക്കേസ് :ജസ്റ്റിസ് ഡി കെ ജെയിൻ അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത 14 ,15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും

തിരുവനന്തപുരം. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. കേസിലെ ഗൂഡാലോചനയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ഡി കെ ജയിന്‍ സമിതിയെ നിയോഗിച്ചത്. ഈ മാസം 14, 15 തീയ്യതികളില്‍ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും.

2018ലാണ് ഐഎസ്‌ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു അന്നത്തെ സുപ്രീംകോടതി നിരീക്ഷണം.
14, 15 തീയതികളില്‍ സെക്രട്ടറിയേറ്റ് രണ്ടാം അനക്‌സിലെ ശ്രുതി ഹാളിലാണു കമ്മിഷന്റെ സിറ്റിങ്. സുപ്രീംകോടതിയെ സമീപിച്ച്‌ അനുകൂലവിധി സമ്ബാദിച്ച മുന്‍ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍, കമ്മീഷനംഗം കൂടിയായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരുടെ സൗകര്യം കൂടി കണക്കിലെടുത്താണു തിരുവനന്തപുരത്തു തന്നെ സിറ്റിങ് നിശ്ചയിച്ചത്. കമ്മീഷനംഗവും റിട്ട ഐഎഎസ് ഉദ്യോഗസ്ഥനുമായ ബികെ പ്രസാദ്, കമ്മീഷന്‍ സെക്രട്ടറി പി.കെ. ജയിന്‍ എന്നിവരാണു ജസ്റ്റിസ് ജയിനിനൊപ്പം എത്തുന്നത്. കമ്മിഷന്റെ അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നു സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.