Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കിം കി ഡൂക്ക്: ചലച്ചിത്രലോകത്തെ പകരക്കാരനില്ലാത്ത ഏകാകി

സിനിമയെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന, ഗൗരവത്തോടെ സമീപിക്കുന്ന, ഇഴകീറി പഠനവിധേയമാക്കുന്ന മലയാളികള്‍ക്ക് മറക്കാനാകില്ല കിം കി ഡൂക്ക് എന്ന ദക്ഷിണകൊറിയന്‍ ചലച്ചിത്രകാരനെ. 2013 ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ എത്തിയ കിം കി ഡൂക്കിനെ മലയാളി ആഘോഷിച്ചത് ഇതിന്റെ നേര്‍സാക്ഷ്യമാണ്. ചലച്ചിത്രോത്സവങ്ങളുടെ ഏറ്റവും വലിയ വിജയം അത് നല്‍കുന്ന മികച്ച സിനിമകളുടെ കാഴ്ച വിരുന്നാണ്. 2013 ലെ മേള മലയാളിക്ക് സമ്മാനിച്ചത് കിമ്മിന്റെ സിനിമകളുടെ അവിസ്മരണീയമായ ഒരു പാക്കേജ് തന്നെയായിരുന്നു.

2005 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് അതുവരെ തങ്ങള്‍ക്ക് അത്രകണ്ട് പരിചിതനല്ലാത്തെ ഒരു സംവിധായകനെ മലയാളി പ്രേക്ഷകര്‍ അടുത്തറിഞ്ഞതും സഹര്‍ഷം സ്വീകരിച്ചതും. ആ മേളയില്‍ ‘കിം സ്മൃതി ചിത്ര’വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളായിരുന്നു അതിനു കാരണം. കിം എന്ന സംവിധായകന്‍ പറയുന്നത് എന്തെന്നറിയാന്‍ കാത്തിരിക്കുന്ന ഒരു ഭാവി ജനതയെ സൃഷ്ടിക്കുകയായിരുന്നു അന്നവിടെ. അതോടെ, കിമ്മിനെ അറിയാത്ത, ഒരു ഫെസ്റ്റിവല്‍ പ്രേമിയും ഇല്ലെന്നായി. കിം ചിത്രങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്ക് തിയേറ്ററുകളില്‍ ഇരിപ്പിടമില്ലാതായി. അന്നത്തെ ചലച്ചിത്രോത്സവത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളിന്റെ തീരുമാനമാണ് പ്രേക്ഷകരില്‍ കിം തരംഗം കത്തിപ്പടര്‍ന്നതിന് കാരണം.

2013 ല്‍ ‘മോബിയസ്’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രവുമായി സാക്ഷാല്‍ കിം തന്നെ കേരളത്തില്‍ നേരിട്ടെത്തി. അന്ന് ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും കിം എളുപ്പത്തില്‍ പിടിതരുന്ന ഒരു വ്യക്തിയല്ലെന്ന് ഒരു ഞെട്ടലോടെ, വിറയലോടെ തിരിച്ചറിഞ്ഞു. കൊറിയയില്‍ നിരോധനം നേരിട്ട ചിത്രമായിരുന്നു മോബിയസ്. അതിഗഹനമായ പഠനവും വിചാരണയും അര്‍ഹിക്കുന്ന നിശ്ശബ്ദ ചിത്രം. മോബിയസില്‍ സംഭാഷണമില്ല. പക്ഷേ, അതുക്കും മേലെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞ ചിത്രം. സ്വന്തം ലിംഗം വെടിവെച്ചു തകര്‍ത്ത്, ലിംഗാധികാരത്തിന് അന്ത്യം കുറിച്ച് സിനിമയിലെ നായകന്‍ ബുദ്ധപ്രകാശത്തില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ കിം നല്‍കുന്ന സന്ദേശം വ്യക്തമാണ്. സര്‍വതിന്മകളുടെയും ഉന്മൂലനത്തിനുള്ള ഏക പോംവഴി ബുദ്ധന്റെ വെളിച്ചമാണ്, ആത്മീയതയിലേക്കുള്ള പ്രയാണമാണ്.

സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ് എന്ന സിനിമയിലൂടെ ഋതുക്കള്‍ എന്തെന്ന് കിം പ്രേക്ഷകനെ അനുഭവിപ്പിച്ചു. സെന്‍ ബുദ്ധിസത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്ന ചിത്രം, പ്രകൃതിനിയമം എന്താണെന്നും അതിലെ സത്യമെന്താണെന്നും പ്രേക്ഷകനെ അനുഭവിപ്പിച്ചു. ധ്യാനാത്മകമാണ് ചിത്രത്തിലെ ഓരോ ഫ്രെയിമും. ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിത വിന്യാസമാണ് ചിത്രത്തിന്റെ കാതല്‍. ആ ജീവിതം ഓരോ ഋതുവിലൂടെയും കടന്നുപോകുന്നു. ആത്മീയത എന്നത് ഒരിക്കലും ഈശ്വരാധിഷ്ഠിതമാകണം എന്നില്ല. ഓരോ മനുഷ്യന്റെയും ആത്മീയത വ്യത്യസ്തമാണ്; അത് പ്രകൃതിയാവാം, മനനമാകാം, നിശ്ശബ്ദതയാകാം. കിമ്മിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ് എന്ന സിനിമയുടെ വഴിയും ആത്മാന്വേഷണമാണ്. ഒരു ഗുരുവിന്റെയും ശിഷ്യന്റെയും ആത്മാന്വേഷണത്തിന്റെ വ്യത്യസ്ത തലങ്ങളാണ് ചിത്രം. രണ്ടോ മൂന്നോ കഥാപാത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തി, പ്രകൃതിയുടെ സര്‍വ്വ മനോഹാരിതയും ആവാഹിച്ച ഫ്രെയിമിലൂടെ രചിച്ച ചലച്ചിത്ര കാവ്യം അതാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ്.

കിമ്മിന്റെ മറ്റൊരു ചിത്രമായ ‘പിയാത്ത’ മുതലാളിത്തം മനുഷ്യരെക്കൊണ്ട് എത്രത്തോളം ക്രൂരത ചെയ്യിപ്പിക്കുമെന്ന് കാട്ടിത്തന്നു. പണം മൂലം ഇല്ലാതാകുന്ന മനുഷ്യത്വത്തെക്കുറിച്ചുള്ള ഭയാനകമായ കാഴ്ചകളാണ് ചിത്രത്തിലുടനീളം. പണം എങ്ങനെയാണ് മനുഷ്യബന്ധങ്ങളെ താറുമാറാക്കുന്നതെന്ന് ചിത്രം വ്യക്തമാക്കുന്നു. കൊറിയയിലെ വര്‍ദ്ധിച്ചുവരുന്ന അധോലോക സാമ്പത്തിക ക്രമിനല്‍ പശ്ചാത്തലം പൊതുസമൂഹത്തിനു മുന്നില്‍ വലിച്ചിടുകയാണ് പിയാത്തയിലൂടെ. പണം കടംകൊടുക്കുകയും അത് തിരികെ ലഭിക്കാതെ വരുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും തിരിച്ചു വാങ്ങുന്ന യുവാവാണ് നായകന്‍. സമകാലിക കൊറിയന്‍ യുവത്വത്തിന്റെ പ്രതീകം. അനാഥനായ അയാള്‍ക്കു മുന്നില്‍ ഒരു മധ്യവയസ്‌ക എത്തിച്ചേരുന്നു. അവന്റെ അമ്മയാണെന്നാണ് അവര്‍ പറയുന്നത്. രതിവൈകൃതങ്ങളിലും വയലന്‍സിലും മനുഷ്യമാംസം ഭക്ഷിച്ചുമാണ് പിന്നീടവരുടെ ജീവിതം. സ്വന്തം തുടയിലെ മാംസം അറുത്തെടുത്ത് അമ്മയെ തീറ്റിക്കുന്നുണ്ട് ആ യുവാവ്. ഒരിക്കല്‍ മൃഗീയമായി അവരെ ബലാല്‍സംഗം ചെയ്യുന്നുമുണ്ട്. കൊറിയയില്‍ വന്‍ വിമര്‍ശനം നേരിട്ട പിയത്ത വെനീസ് ചലച്ചിത്രോല്‍സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിച്ചതോടെയാണ് പുറംലോകം ഈ ചിത്രത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്.

പതിനെട്ട് സിനിമകളാണ് ചലച്ചിത്രലോകത്തിന് കിമ്മിന്റെ സംഭാവന. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളും വ്യക്തികേന്ദ്രീകൃതമായ മാനസിക സംഘര്‍ഷങ്ങളും മറയില്ലാതെ വെളിപ്പെടുത്തുന്നതാണ് കിമ്മിന്റെ ഓരോ ചിത്രവും. പല സിനിമകളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുള്ളവും നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയവയുമാണ്. സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, സ്‌പേസ്, ടൈം, ബാഡ് ഗയ്, ദി ബോ, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്‌കേജ് ഇന്‍, റിയല്‍ ഫിക്ഷന്‍, അഡ്രസ് അണ്‍നോണ്‍, ദി കോസ്റ്റ് ഗാര്‍ഡ്, ബ്രീത്ത്, ഡ്രീം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയില്‍ ഒരു സാധാരണ കുടുംബത്തിലാണ് കിം കി ഡുക് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് കിമ്മിന് ലഭിച്ചിട്ടുള്ളത്. ഏതൊരു സാധാരണക്കാരനെയും പോലെ ഫാക്ടറികളില്‍ നിന്നും ഫാക്ടറികളിലേക്ക് മാറിമാറി പണിയെടുത്താണ് കിം ജീവിതം കഴിച്ചത്. ഇതിനിടയില്‍ ചിത്രകല പഠിക്കാനായി പാരിസിലെത്തിയതാണ് കിമ്മിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടെ വച്ചാണ് കിം ആദ്യമായി സിനിമ കണ്ടത്. സിനിമയുടെ മാസ്മരിക ലോകത്തേയ്ക്ക് കിം മയങ്ങിവീണു. കൊറിയയില്‍ തിരിച്ചെത്തിയ കിം ഒരു തിരക്കഥയെഴുതി. അത് കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തിനയച്ചു. ആ വര്‍ഷത്തെ മികച്ച തിരക്കഥയായി അത് തെരഞ്ഞെടുത്തു. 1996ല്‍ കിം കി ഡുക് ആദ്യമായി സിനിമ സംവിധാനം ചെയ്തു. ക്രൊക്കഡൈല്‍. പിന്നീടിങ്ങോട്ട് തന്റെ ചിത്രങ്ങളിലൂടെ ലോകത്തെ ഞെട്ടിപ്പിക്കുകയും വിസ്മയിപ്പിക്കുകയുമാണ് കിം ചെയ്തത്.

കിം കി ഡൂക്ക്, സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഏകാകിയാണ്. അതേ, 59-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. അവിടെ ഒരു പകരക്കാരനെ പ്രതിഷ്ഠിക്കാനാവില്ല ഓരോ സിനിമാ ആസ്വാദകനും.