തിരുവനന്തപുരം. വോട്ടെണ്ണൽ അൽപ്പസമയത്തിനുള്ളിൽ തുടങ്ങും. രാവിലെ എട്ടു മുതലാണ് ബാലറ്റുകള്‍ എണ്ണിത്തുടങ്ങുന്നത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടേകാല്‍ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരും. രാവിലെ 11നു ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അധികൃതര്‍ പറയുന്നത്.
ഉച്ചയോടെ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്നാണു പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുക.
സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നല്കിയ 86,576 സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ 2,11,846 തപാല്‍ ബാലറ്റുകളാണ് വിതരണം ചെയ്തിരുന്നത്.
14 ജില്ലാ പഞ്ചായത്തുകള്‍ ആറ് കോര്‍പറേഷനുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ അറിയാം.