Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

യുവ മേയര്‍ ചരിത്രം കുറിക്കുമോ തിരുത്തുമോ?

തലസ്ഥാനത്തെ മേയര്‍ പദവിയിലേക്ക് ചരിത്രം സൃഷ്ടിച്ചുകൊണ്ട് 21 കാരിയായ ആര്യ രാജേന്ദ്രന്‍ എത്തിയത് സി പി എം ആഘോഷമാക്കി. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി നേതാക്കളും അണികളും പെരുമ്പറയടിച്ച് കൊട്ടിപ്പാടുമ്പോള്‍ അത് പാര്‍ട്ടിയുടെ അകത്തളത്തിലെ പുകഞ്ഞുനീറ്റലുകള്‍ ഒഴിവാക്കാന്‍ വേണ്ടിതന്നെയാണ് എന്നത് വസ്തുതയാണ്.

തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടികളുടെ പ്രതിഫലനം കൂടിയാണ് ആര്യയെ മേയറാക്കാനുള്ള തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ തവണത്തെ മേയര്‍ ആയിരുന്ന കെ ശ്രീകുമാര്‍ കരിയ്ക്കകം വാര്‍ഡില്‍ തോല്‍വി ഏറ്റുവാങ്ങി. മേയര്‍ സ്ഥാനാര്‍ത്ഥികള്‍ എന്ന് സി പി എം തന്നെ എല്ലാ തിരഞ്ഞെടുപ്പ് വേദികളിലും ചൂണ്ടിക്കാട്ടിയിരുന്നത് കുന്നുകുഴിയില്‍ മത്സരിച്ച ഇടത് അദ്ധ്യാപക സംഘടനാ നേതാവും എഴുത്തുകാരിയുമായ ഏ ജി ഒലീനയെയായിരുന്നു. ഒപ്പം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നാലുതവണ കൗണ്‍സിലറുമായിരുന്ന പുഷ്പലതയായിരുന്നു മറ്റൊരു മേയര്‍ സ്ഥാനാര്‍ത്ഥി. 55 വര്‍ഷമായി സി പി എം അടക്കിവാണിരുന്ന നെടുങ്കാട് വാര്‍ഡ് സി പി എമ്മിന്റെ നെടുങ്കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. 1000 ത്തിലേറെ വോട്ടുകള്‍ക്കാണ് പുഷ്പലത അവിടെ പരാജയം ഏറ്റുവാങ്ങിയത്.

ഈ രണ്ടുപേരും തോറ്റതോടെ വനിതാ സംവരണമായ കോര്‍പ്പറേഷനില്‍ പിന്നെ ഉയര്‍ന്നുവന്നിരുന്ന പേര് പേരൂര്‍ക്കടയില്‍ നിന്നുള്ള ജമീലയുടേതായിരുന്നു. ജമീല നേരത്തെ ഫോറന്‍സിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടറും പി എസ് സി അംഗവും ഒക്കെ ആയ ആളാണ്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ മകളുമാണ്. ഭരണമികവും പരിചയസമ്പത്തുമുള്ള ജമീല മേയര്‍ സ്ഥാനത്തേക്ക് ഉചിതയായിരുന്നു എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, തിരുവനന്തപുരത്തെ സി പി എം സമാന്തര നീക്കങ്ങളെ നിയന്ത്രിക്കുന്ന അധോലോക ശക്തികള്‍ക്ക് വളരെ എളുപ്പം സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. അതിന്റെ ഫലമായാണ് ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പ്രചരണ തന്ത്രവുമായി ആര്യയെ രംഗത്തിറക്കിയത്. മുന്‍ മേയര്‍ ശിവന്‍കുട്ടിയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെട്ട റാക്കറ്റ് ഒരു മുഖംമൂടി എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള ഡമ്മി മാത്രമാണ് ആര്യ എന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. ഇക്കാര്യം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ശരിവെയ്ക്കുന്നു.

ആര്യ ഉചിതയല്ലെന്നോ യോഗ്യയല്ലെന്നോ അഭിപ്രായമില്ല. പക്ഷേ, നിരവധി തവണ കൗണ്‍സില്‍ അംഗങ്ങള്‍ ആവുകയും അനുഭവസമ്പത്തുള്ളവരെയും നിയന്ത്രിക്കാന്‍ ബിരുദവിദ്യാര്‍ത്ഥിനി മാത്രമായ ആര്യയ്ക്ക് കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒപ്പം അഴിമതിയുടെ മാറാപ്പ് പേറുന്ന കോര്‍പ്പറേഷനിലെ ആരോഗ്യ, പൊതുമരാമത്ത, നിര്‍മ്മാണ വിഭാഗങ്ങള്‍ ഐ എ എസ് തലത്തിലുള്ള നഗരസഭാ സെക്രട്ടറിയെ പോലും റബ്ബര്‍ സ്റ്റാമ്പാക്കുന്ന അധോലോക സംഘങ്ങള്‍ കൊടികുത്തി വാഴുന്ന കോര്‍പ്പറേഷനിലെ ഭരണസംവിധാനത്തെ എത്രമാത്രം നിയന്ത്രിക്കാന്‍ ഈ തുടക്കക്കാരിക്ക് ആകും? കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ നഗരവികസന പദ്ധതി, ലക്ഷക്കണക്കിന് വരുന്ന നഗരവാസികളുടെ പ്രശ്‌നങ്ങള്‍, ഇനിയും പരിഹരിക്കാത്ത മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഈജിയന്‍ തൊഴുത്തിനേക്കാള്‍ കൂടുതലാണ് വ്യാപകമാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. ഇതെല്ലാം പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും മേയര്‍ക്ക് കഴിഞ്ഞാല്‍ നല്ലത്. അതുകൊണ്ടു തന്നെ വളരെ കൂടുതല്‍ പ്രതീക്ഷകള്‍ വെയ്ക്കുന്നില്ല.

ഇന്ന് കാര്യങ്ങള്‍ പുറത്തു വരാതിരിക്കാനും സ്വയരക്ഷയ്ക്കും മാധ്യമങ്ങളെ അകറ്റി നിര്‍ത്താനാണ് മേയര്‍ ശ്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി പറയട്ടെ, പാര്‍ട്ടി തീരുമാനിക്കട്ടെ, പാര്‍ട്ടി പറയുംപോലെ ചെയ്യും എന്നൊക്കെയാണ് മറുപടി. സ്ഥാനമേറ്റ ശേഷം ടെലഫോണ്‍ വിളികള്‍ക്കു പോലും മറുപടിയുമില്ല. മാധ്യമങ്ങളെ പോലും അകറ്റി നിര്‍ത്തി എന്ത് അഭ്യാസമാണ് മേയര്‍ കാണിക്കാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ തന്നെ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യം. നേരത്തെ കേരളത്തില്‍ സി പി എം അവതരിപ്പിച്ച ഇത്തരം പല കഥാപാത്രങ്ങളും ചരിത്രത്തില്‍ പോലും ഇല്ലാതെ പോയതുകൊണ്ട് വലിയ സ്വപ്‌നങ്ങളുമില്ല. യുവാക്കളുടെ കരുത്തിലും കര്‍മ്മശേഷിയിലും പ്രതിക്ഷയുണ്ട്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ താല്പര്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമനുസരിച്ച് പോകാന്‍, എന്തിനും ഏതിനും പാര്‍ട്ടി പാര്‍ട്ടി എന്നു പറയുന്ന മേയര്‍ക്ക് കഴിയുമോ? അതു തന്നെയാണ് തലസ്ഥാനം ചോദിക്കുന്ന ചോദ്യം.