Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

നിലപാട് മാറ്റി ഒ രാജഗോപാല്‍: പ്രമേയത്തെ അനുകൂലിച്ചിട്ടില്ല എതിര്‍ത്തിരുന്നു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബി ജെ പി എം എല്‍ എ ഒ. രാജഗോപാല്‍ എടുത്ത നിലപാട് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. എന്നാല്‍ സംഭവം വിവാദമായതോടെ പുതിയ വിശദീകരണവുമായി ഒ രാജഗോപാല്‍ രംഗത്തെത്തി.

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ചുവെന്ന റിപ്പോര്‍ട്ടുകളെ ശക്തമായി തള്ളിയാണ് ബി ജെ പിയിലെ മുതിര്‍ന്ന നേതാവു കൂടിയായ ഒ രാജഗോപാല്‍ എം എല്‍ എ നിലപാട് മാറ്റി രംഗത്തെത്തിയത്. നിയമത്തെ എതിര്‍ക്കുന്നവര്‍ ആരൊക്കെ, അനുകൂലിക്കുന്നവര്‍ ആരൊക്കെയെന്ന് സ്പീക്കര്‍ പ്രത്യേകം ചോദിച്ചില്ലെന്ന വിമര്‍ശനമാണ് അദ്ദേഹം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ‘പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേറിട്ട് ചോദിച്ചില്ല. ഒറ്റചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ്‌വഴക്ക ലംഘനമാണ്. സഭയില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്ര ബില്ലിനേയോ കേന്ദ്ര സര്‍ക്കാരിനേയോ എതിര്‍ത്തിട്ടില്ല’, എന്നും ഒ രാജഗോപാല്‍ വിശദീകരിച്ചു.

പ്രമേയത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര ബില്ലിനേയും കാര്‍ഷിക നിയമങ്ങളേയും എതിര്‍ക്കുന്നില്ല. താന്‍ കേന്ദ്രസര്‍ക്കാരിനെതിരേ നീങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. നിയമഭേദഗതി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പറഞ്ഞത്. നിയമ ഭേദഗതി നേരത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചര്‍ച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രമേയത്തെ എതിര്‍ക്കാതെ പ്രമേയത്തിലെ ചില പരാമര്‍ശങ്ങളിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പിന്നീട് മാധ്യമങ്ങള്‍ക്കുമുന്നിലും പ്രമേയത്തെ അനുകൂലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിനെതിരായ നിലപാടല്ലേ താങ്കള്‍ സ്വീകരിച്ചിരിക്കുന്നത് എന്നു ചോദിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലെന്നും ഈ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നതാണ് പൊതു അഭിപ്രായമെന്നും അത് ഡമോക്രാറ്റിക് സ്പിരിറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ഒരു ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ പ്രശ്‌നവുമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രമേയം പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്താത്ത ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ നിലപാടിനെ കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച് പ്രതികരിക്കാമെന്നും കെ.സുരേന്ദ്രന്‍ ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടില്ല, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും സുരേന്ദ്രന്‍ പരഞ്ഞു. എങ്ങനെയാണ് സമരം ജനങ്ങളെ ബാധിക്കുകയെന്ന് സമരക്കാര്‍ പോലും പറയുന്നില്ല. ഇടതുപക്ഷത്തിന്റെ എല്ലാ കാലത്തുമുള്ള നിലപാട് ആദ്യം എതിര്‍ക്കുക പിന്നെ അതിന് പിറകെ പോവുക എന്നതാണ്. ഇതും അങ്ങനെയുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭം ഒരു മാസമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കാനായി നിയമസഭ ചേര്‍ന്നത്.