Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാ ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. മനുഷ്യ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്. ലണ്ടനിലും ഇന്ത്യയിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. അനു മേനോന്‍ ആണ് ചിത്രം സംവിധാന ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വിദ്യാ ബാലന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അക്കങ്ങള്‍ കൊണ്ട് അവര്‍ ലോകത്തെ മാറ്റിമറിച്ചു. ആ ഗണിത ശാസ്ത്ര പ്രതിഭയെ ആദരിക്കാം’ എന്ന് അടിക്കുറിപ്പോടെയാണ് വിദ്യാ ബാലന്‍ ലോക ഗണിതശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

1929 നവംബര്‍ നാലിന് നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായാണ് ശകുന്തളാ ദേവിയുടെ ജനനം. മൂന്നാംവയസ്സില്‍ തന്നെ ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ പോകാതെ തന്നെ കുട്ടിയായ ശകുന്തള സംഖ്യകളെ മെരുക്കിയെടുത്തു. ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയിലും എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ശകുന്തള തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. 1977 ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്റിനുള്ളില്‍ ഉത്തരം നല്‍കി. 201 അക്ക സംഖ്യയുടെ 23-ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്‍ത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഒത്തുകൂടി. ശകുന്തളാ ദേവിയ്ക്ക്  അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ട് പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് അവര്‍ അതിന്റെ ശരിയുത്തരം കണ്ടെത്തി. 1995 ലെ ഗിന്നസ് ബുക്കില്‍ 26-ാം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

എഴുത്തുകാരി എന്ന നിലയില്‍ ശകുന്തളാ ദേവി നിരവധി നോവലുകളും, ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് 2013 ഏപ്രില്‍ 21 ന് 84-ാമത്തെ വയസ്സില്‍ ഗണിതശാസ്ത്രത്തിലെ ഈ അത്ഭുത വനിത അന്തരിച്ചു.