Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കഥപറയുന്ന ചിത്രങ്ങളുമായി പ്രകൃതിയുടെ സ്വന്തം ഫോട്ടോഗ്രാഫര്‍

ബിജു കാരക്കോണത്തിന് ഫോട്ടോഗ്രഫി ഒരു നേരംപോക്കല്ല. ജീവനും ജീവിതവും കലയും തപസ്യയുമാണ്. ക്യാമറയെ ജീവശ്വസമായി കൊണ്ടുനടക്കുന്ന അനേകം ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍, അതാണ് തിരുവനന്തപുരം സ്വദേശി ബിജു കാരക്കോണം. സാഹസികതയും കാടിനോടുള്ള സ്‌നേഹവും കാടിന്റെ ചലനങ്ങളെ, പുറംലോകം കാണാത്ത അതിലെ വിസ്മയങ്ങളെ കാമറയില്‍ ഒപ്പിയെടുക്കാനുള്ള ആഗ്രഹവുമാണ് പലവട്ടം മരണത്തെ മുഖാമുഖം കണ്ടിട്ടും അതിനെ വീണ്ടും വീണ്ടും നെഞ്ചോടു ചേര്‍ത്തുപിടിച്ച് മുന്നേറാന്‍ ഈ ഫോട്ടോഗ്രഫറെ പ്രേരിപ്പിക്കുന്നത്.

യാത്രയോടുള്ള അടക്കാനാവാത്ത ആഗ്രഹമാണ് ബിജുവിനെ ഫോട്ടോഗ്രഫി എന്ന മേഖലയിലേക്ക് എത്തിക്കുന്നത്. പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒഴിവുസമയങ്ങളില്‍ സുഹൃത്തുക്കളുമായി ചെറിയ ചെറിയ യാത്രകള്‍ നടത്താറുണ്ടായിരുന്നു ബിജു. അന്ന് മറ്റൊരു സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ കാമറയുമായാണ് യാത്രചെയ്തിരുന്നത്. യാത്രയിലൂടെ ഫോട്ടോഗ്രഫി ഹരമായപ്പോള്‍ ഒരു സെക്കന്റ്ഹാന്‍ഡ് എസ് എല്‍ ആര്‍ കാമറ വാങ്ങി. പക്ഷേ, ഫോട്ടോഗ്രഫി ജീവിതത്തിലേക്ക് ചേക്കേറിയത് കണ്ട കാഴചകളെ ഡോക്യുമെന്റ് ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ്.

അതിനെ കുറിച്ച് ബിജു പറയുന്നത് ഇങ്ങനെ, ഞാന്‍ സ്ഥിരമായി മൂന്നാര്‍ പോകാറുണ്ടായിരുന്നു. ഓരോ പ്രാവശ്യവും അവിടെ പോകുമ്പോള്‍ മൂന്നാറിന്റെ പച്ചപ്പും സൗന്ദര്യവും നഷ്ടപ്പെടുന്നതായി കണ്ടു. ഉയര്‍ന്നുപൊങ്ങുന്ന കെട്ടിടങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഈ കാഴ്ച വല്ലാത്ത വിഷമമുണ്ടാക്കി. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെടുന്ന ഈ പ്രകൃതി ചിത്രങ്ങള്‍ പകര്‍ത്തി വരുംതലമുറയുടെ അറിവിലേക്കായി സംരക്ഷിക്കണം എന്ന ചിന്ത വന്നു. അങ്ങനെയാണ് ഒരു ഡി എസ് എല്‍ ആര്‍ കാമറ വാങ്ങുന്നതും ഫോട്ടോഗ്രഫി ഗൗരവമേറുന്ന ഒരു തൊഴില്‍മേഖലയായി തിരഞ്ഞെടുത്തതും. താമസിയാതെ ഈ ഫോട്ടോഗ്രഫി ബിജുവിന് ജീവനും ജീവിതമാര്‍ഗ്ഗവുമായി.

ഫോട്ടോഗ്രഫി മൂന്ന് തരത്തിലുണ്ടെന്ന് ബിജു പറയുന്നു. വെറുതെ ഒരു രസത്തിനുവേണ്ടി എടുക്കുന്ന അമച്വര്‍ ഫോട്ടോഗ്രഫി, കല്യാണഫോട്ടോയോ പരിപാടികളുടെ ഫോട്ടോയോ എടുക്കുന്ന ഡോക്യുമെന്റേഷന്‍ ഫോട്ടോഗ്രഫി, ആര്‍ട്ട് ഫോട്ടോഗ്രഫി. ഇതില്‍ മൂന്നാമത്തെ വിഭാഗമായ ആര്‍ട്ട് ഫോട്ടോഗ്രഫിയാണ് ബിജുവിന് താല്പര്യം. കണ്‍മുന്നില്‍ കാണുന്നതെന്തും, വ്യത്യസ്തത തോന്നുന്നതെന്തും പകര്‍ത്തുന്നതാണ് ബിജുവിന്റെ രീതിയെങ്കിലും പ്രകൃതി-പരിസ്ഥിതി സംരക്ഷണവും വന്യജീവി ഫോട്ടോഗ്രഫിയുമാണ് പ്രധാന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഷയത്തിലൂന്നി നിരവധി ഡോക്യുമെന്ററികളും എക്‌സിബിഷനുകളും ബിജു ചെയ്തുകഴിഞ്ഞു.

ചെന്നൈ, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളിലായി 76 എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചു. യാത്രയില്‍ കണ്ട കാഴ്ചകള്‍ പലതും ഡോക്യുമെന്ററികളാക്കി ചനലുകളെ സമീപിച്ചെങ്കിലും സംപ്രേഷണം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ട വലിയ തുക കൊടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പലതും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. യൂണിസെഫുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ബിജുവാണ്. ഇപ്പോള്‍ കേരളത്തിന്റെ തനതായ സംസ്‌കാരം ആയുര്‍വേദം പരിസ്ഥി എന്നിവയിലൂന്നി ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവും വ്യാപനവും ലക്ഷ്യമിട്ട് ചെയ്യുന്ന ഒരു ഡോക്യുമെന്ററി, പാരമ്പര്യവൈദ്യം പ്രാധാന്യവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അടിസ്ഥാനമാക്കി ചെയ്യുന്ന ഡോക്യുമെന്ററി എന്നിവയുടെ പണിപ്പുരയിലാണ് ബിജു.

ഫോട്ടോഗ്രഫി മത്സരത്തിന്റെ പല വിധിനിര്‍ണ്ണയ കമ്മിറ്റികളിലും അംഗമായിരുന്നിട്ടുണ്ടെങ്കിലും സ്വന്തം ചിത്രങ്ങളൊന്നും തന്നെ ഇദ്ദേഹം മത്സരത്തിന് അയച്ചിട്ടില്ല. കാരണം, തന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫി ഒരു കലയായതുകൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്ന് ബിജു പറയുന്നു. എന്നാല്‍ ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണല്‍ അടക്കം നിരവധി മാസികകളില്‍ ബിജുവിന്റെ ഫോട്ടോകള്‍ ഇടംനേടിയിട്ടുണ്ട്. ഒപ്പം നെയ്യാറ്റിന്‍കര ചരിത്രഗന്ഥ്രത്തിലും ബിജുവിന്റെ ചിത്രങ്ങള്‍ ഇടം നേടി. ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി ക്യാമ്പില്‍ അംഗം കൂടിയാണ് ഇദ്ദേഹം.

ഇന്ത്യയിലങ്ങളോമിങ്ങോളം യാത്രചെയ്തിട്ടുണ്ടെങ്കിലും സ്വപ്‌നയാത്രയായി മനസ്സില്‍ കൊണ്ടുനടക്കുന്നത് കൈലാസയാത്ര, ആഫ്രിക്കന്‍ വൈല്‍ഡ്‌ലൈഫ് സഫാരി, നൈജീരിയ, കെനിയ, അന്റാര്‍ട്ടിക്ക യാത്രകളാണ്. ചങ്ങാതിമാരൊത്ത് 20 വര്‍ഷം നടത്തിയ യാത്രയിലൂടെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് കാടിന്റെ വന്യമായ അകത്തളങ്ങളിലെ നിറസൗന്ദര്യം തേടി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ സാധ്യതകളിലേക്ക് ഇറങ്ങിച്ചെന്ന ഇദ്ദേഹം, തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നത് മനുഷ്യന്റെ തെറ്റായ ഇടപെടല്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നു, അതിന്റെ തിരിച്ചടികള്‍ നാം നേരിടുന്നു എന്നതാണ്. പ്രകൃതിയും, പരിസ്ഥിതിയും, വന്യജീവിതവും സംസ്‌കാരവും തുടങ്ങി താന്‍ കണ്ട കാഴ്ചകളെ, കാണാത്തവര്‍ക്കായി അടയാളപ്പെടുത്തി കഥാചിത്രങ്ങള്‍ ഒരുക്കുകയാണ് ഈ ഫോട്ടോഗ്രാഫര്‍.

‘ബെറ്റ് ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്’ എന്ന ആശയമാണ് ബിജു തന്റെ ചിത്രങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. B-ബട്ടര്‍ഫ്‌ളൈ, E – എലിഫെന്റ്, T– ടൈഗര്‍ എന്നതാണ് ബെറ്റ് എന്നതുകൊണ്ട് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. നല്ല ലോകത്തിനുവേണ്ടി, നല്ല നാളെയ്ക്കു വേണ്ടി പാരിസ്ഥിതിക സംരക്ഷണത്തിലൂന്നിയ ഒരു പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടു വരുക എന്നതാണ് ഇതിലൂടെ ഇദ്ദേഹം ലക്ഷ്യമിടുന്നത്.

 

ചിത്രങ്ങള്‍: ബിജു കാരക്കോണം
പ്രകൃതി-പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫര്‍