Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

‘വംഗനാട്ടില്‍’ ബിജെപി വളരുന്നു: കോണ്‍ഗ്രസിന്റെ ‘കൈ’ മുറുകെ പിടിച്ച്‌ സി പി എം

മൂന്ന് പതിറ്റാണ്ട് അടക്കി ഭരിച്ച ബംഗാളില്‍ ജീവശ്വാസത്തിനായി നെട്ടോട്ടമോടുകയാണ് സിപിഎം. തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമത്തിനെതിരെ പോരാടുന്നതിനൊപ്പം ബി ജെ പിയിലേക്കുള്ള അണികളുടെ ഒഴുക്കും നേതൃത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ സംസ്ഥാനത്ത് ഒറ്റയ്ക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിനില്ല. അതുകൊണ്ട് കോണ്‍ഗ്രസിനെ കൂടെ കൂട്ടി നിലനില്‍പ്പിനായുള്ള അവസാന അംഗത്തിനിറങ്ങുകയാണ് സി പി എം.

ആദ്യപടിയായി ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസുമായി സീറ്റ് ധാരണയിലെത്തി. ഒരിക്കല്‍ കുത്തകയാക്കിവെച്ച മണ്ഡലങ്ങള്‍ വിട്ടുകൊടുത്താണ് കോണ്‍ഗ്രസിന് മുന്നില്‍ സി പി എമ്മിന്റെ മുട്ടുമടക്കല്‍. കാളിയഗഞ്ച്, ഖരാഗ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സി പി എം പിന്തുണയ്ക്കും. പകരം നാദിയ ജില്ലയിലെ കരീംപൂര്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസും പിന്തുണയക്കും.

സി പി എം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്ന് മുതിര്‍ന്ന നേതാവ് സുജന്‍ ചക്രവര്‍ത്തി പ്രതികരിച്ചു. ഇടതുപക്ഷവുമായി ഒരു പൊതുമിനിമം പരിപാടി ഉടന്‍ ധാരണയാക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന്‍ മിത്രയും വ്യക്തമാക്കി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ബി ജെ പി നടത്തിയത്. പതിനെട്ട് സീറ്റാണ് പാര്‍ട്ടി വംഗനാട്ടില്‍ സ്വന്തമാക്കിയത്.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞിരുന്നു. കോണ്‍ഗ്രസ് രണ്ടിടത്ത് വിജയിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരിടത്തും ജയിക്കാനായില്ലെന്ന് മാത്രമല്ല പലയിടത്തും കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ല.

 

വാര്‍ത്ത: ശ്യാം കൃഷ്ണ