Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

നിരോധനം കാറ്റില്‍ പറത്തി ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തിനകത്ത് വി ഐ പികള്‍ക്ക് വീണ്ടും ദര്‍ശനം അനുവദിച്ചു

ഗുരുവായൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ നാലമ്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിരോധനം മറികടന്ന് വി ഐ പികള്‍ക്ക് ദര്‍ശനം അനുവദിച്ചു. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്.

രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഒരുക്കിയത്. വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജയ്ക്കു ശേഷവും ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തിലുമാണ് നാലമ്പലത്തിനുള്ളിലേക്ക് വി ഐ പികള്‍ക്ക് പ്രവേശനം നല്‍കിയത്.

പുലര്‍ച്ചെ 4.30 മുതലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്കും പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. എങ്കില്‍പ്പോലും ആര്‍ക്കും നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. നാലമ്പലത്തിലേക്ക് കടക്കുന്ന കവാടത്തില്‍ നിന്ന് ദര്‍ശനം നടത്താനാണ് ഭക്തരെ അനുവദിച്ചിട്ടുള്ളത്.

ഇത്തരമൊരു അവസരത്തിലാണ് വി ഐ പികള്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രശനം ഒരുക്കി ഗുരുവായൂര്‍ ദേവസ്വം അധികാരികള്‍ വിവാദം സൃഷ്ടിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തില്‍ ദര്‍ശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും വിഐപി ദര്‍ശനം അനുവദിച്ചത്.