പല കര്‍ഷകരെയും വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ് പയറിലെ മുഞ്ഞ എന്ന കീടം. പയര്‍ കൃഷിയില്‍ ഏതുസമയത്തും മുഞ്ഞയുടെ ആക്രമണം പ്രതീക്ഷിക്കാം. കറുത്ത നിറത്തില്‍ പയറിലെ ഇലയിലും കായിലും പൊതിഞ്ഞിരിക്കുന്ന ഈ കീടം കൂട്ടമായിരുന്നാണ് ഇലയിലെയും കായിലെയും നീരൂറ്റി കുടിക്കുക. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ കീടത്തെ നശിപ്പിക്കാന്‍ എളുപ്പമാണ്.
പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിന് ഫ്യൂസേറിയം പാലിഡോറോസിയം എന്ന കുമിള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തവിടില്‍ വളര്‍ത്തിയ കുമിളിനെ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത ലായനിയാണ് ചെടിയില്‍ തളിക്കുന്നത്. ഇതിനായി 300 ഗ്രാം തവിടില്‍ വളര്‍ത്തിയ ഫ്യൂസേറിയം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് ലായനി തയ്യാറാക്കുന്നത്. ഈ ലായനി അരിച്ചെടുത്ത് വൈകുന്നേരങ്ങളില്‍ പയര്‍ ചെടികളില്‍ തളിക്കുക.
മറ്റൊന്ന് പഴയ പെയിന്റ് ബ്രഷ്, ഹാന്‍ഡ് സ്‌പെയറോ എന്നിവ ഉപയോഗിച്ചും മുഞ്ഞയെ തുരത്താം. ബ്രഷ് ഉപയോഗിച്ച് മുഞ്ഞയെ തൂത്തു കളയുകയോ സ്‌പ്രെയര്‍ ജെറ്റ് കൊണ്ട് കഴുകി കളയുകയോ ചെയ്യുക. രണ്ടു മൂന്നു ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്താല്‍ മുഞ്ഞകള്‍ അപ്രത്യക്ഷമാകും. പിന്നീട് ഇവയുടെ ആക്രമണം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ചെയ്യുക. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ കടുത്ത ആക്രമണം തടയാം.
തലേദിവസത്തെ കഞ്ഞിവെള്ളം നേര്‍പ്പിച്ച് പയര്‍ ചെടിയിലും കായിലും തളിക്കുന്നത് ഒരു പരിധി വരെ മുഞ്ഞയെ തടയാന്‍ സഹായിക്കുന്നു. ചോണനുറുമ്പിനെ കൂട്ടത്തോടെ ചെടിയില്‍ കയറ്റി വിടുന്നതും മുഞ്ഞയെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ മിത്രകുമിളായ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ തളിക്കുന്നതും മുഞ്ഞയുടെ നിയന്ത്രണത്തിനുള്ള വഴിയാണ്.
ഡോ. സി.കെ. പീതാംബരന്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണവിഭാഗം മുന്‍ ഡയറക്ടര്‍