Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

റിയാന്‍ നല്‍കിയ ജീവജലം

‘റിയാന്‍സ് വെല്‍ ഫൗണ്ടേഷന്‍’ എന്ന സംഘടനയെക്കുറിച്ചും അതിന്റെ സ്ഥാപകനായ റിയാന്‍ ഹ്രെല്‍ജാക്കിനെക്കുറിച്ചും ഞാന്‍ അറിയുന്നത് ഈയടുത്ത കാലത്താണ്. ‘റിയാന്റെ കിണര്‍’ എന്ന പേരില്‍ അബ്ദുളളക്കുട്ടി എടവണ്ണ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 64 പേജുളള പുസ്തകത്തില്‍നിന്ന്. റിയാന്‍ എന്ന കൊച്ചുകുട്ടിയുടെ അസാധാരണമായ പ്രവര്‍ത്തനത്തിന്റെ കഥ വളരെ ലളിതമായി അബ്ദുളളക്കുട്ടി പറഞ്ഞിരിക്കുന്നു. ഒരു കൊച്ചുകുട്ടിക്ക് ലോകത്തില്‍ എന്തു നേടാന്‍ കഴിയുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുളള ഉത്തരമാണ് റിയാന്‍. ഇതൊരു കെട്ടുകഥയല്ല; കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ ഒരു ഗ്രാമത്തിന്റെയും ഒരു നാടിന്റെയും ക്രമേണ ലോകത്തിന്റെ തന്നെ ഹൃദയത്തില്‍ ഇടം നേടിയ ഒരു കൊച്ചുകുട്ടിയുടെ വലിയ ജീവിതത്തിന്റെ രേഖപ്പെടുത്തല്‍.

കാനഡയിലെ ഒട്ടാവയില്‍ 1991 മെയ് 31 നാണ് റിയാന്റെ ജനനം. അച്ഛന്‍ മാര്‍ക്ക് ഹ്രെല്‍ജാക്ക് പോലീസ് ഓഫീസര്‍. അമ്മ സൂസന്‍ ഹ്രെല്‍ജാക്ക് ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ്. കാനഡയിലെ ഒണ്ടാറിയയ്ക്കടുത്തുളള കെംപ്റ്റവില്ല ഹോളിക്രോസ് സ്‌കൂളിലെ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന കൊച്ചുറിയാന്റെ ക്ലാസ്സില്‍ ഒരുദിവസം ടീച്ചര്‍ വിവരിച്ചത് ദുരിതമനുഭവിക്കുന്ന ആഫ്രിക്കയിലെ കുട്ടികളുടെ കാര്യം. ടീച്ചര്‍ പറഞ്ഞു, ‘നാം വെറുതെ പാഴാക്കി കളയുന്ന ഒരു സെന്റുകൊണ്ട് ആഫ്രിക്കയിലെ കുട്ടികള്‍ക്ക് ഒരു പെന്‍സില്‍ വാങ്ങാം, 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റുകൊണ്ട് ഒരു കുട്ടിക്ക് രണ്ടുമാസത്തേക്ക് ആവശ്യമായ മരുന്നുകള്‍, 70 ഡോളറുണ്ടെങ്കില്‍ അവര്‍ക്ക് ഒരു കിണറുണ്ടാക്കാം.’

തുടര്‍ന്ന് ടീച്ചര്‍ വിവരിച്ചത് ആഫ്രിക്കയില്‍ വെളളം കിട്ടാനുളള ബുദ്ധിമുട്ടിനെക്കുറിച്ചാണ്. ഉഷ്ണമേഖലാരാജ്യമായ ആഫ്രിക്കയില്‍ വെളളം കിട്ടാക്കനിയാണ്. ചുരുങ്ങിയത് 20 കിലോമീറ്ററെങ്കിലും വെളളം തിരഞ്ഞുനടക്കണം. കണ്ടുകിട്ടുന്ന ജലസ്രോതസ്സ് എന്നും ഉണ്ടാവണമെന്നില്ല, പെട്ടെന്നുതന്നെ വറ്റുന്ന കഠിനമായ ഉഷ്ണപ്രദേശം. കഷ്ടപ്പെട്ട് തിരഞ്ഞു കണ്ടുപിടിക്കുന്ന വെളളമാകത്തെ മലിനവും ദുര്‍ഗന്ധം നിറഞ്ഞതും. പക്ഷേ, മറ്റു നിവൃത്തിയൊന്നും ഇല്ലാത്തതിനാല്‍ അവര്‍ ഈ മലിനജലം കുടിക്കുന്നു; രോഗികളാകുന്നു. രോഗംമൂലം നിരവധി കുഞ്ഞുങ്ങളാണ് ദിനവും മരണമടയുന്നത്. അവിടത്തെ കുട്ടികളുടെ പ്രധാനജോലി വെളളം തിരഞ്ഞുകണ്ടുപിടിച്ച് കൊണ്ടുവരുക എന്നതാണ്. അതിനിടയില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനൊന്നും നേരമില്ല.

ടീച്ചറുടെ വിവരണം കൊച്ചുറിയാന്റെ മനസ്സിനെ ഉലച്ചു. അവന്റെ കണ്ണില്‍ കുടിവെളളം കിട്ടാതെ മരണമടയുന്ന കുഞ്ഞുങ്ങളുടെ ചിത്രം നിറഞ്ഞു. താന്‍ ദിനവും പാഴാക്കിക്കളയുന്ന ജലത്തെക്കുറിച്ചും റിയാന്‍ ഓര്‍ത്തു. ആഫ്രിക്കയിലെ കുട്ടികള്‍ക്കുവേണ്ടി തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നാണ് അപ്പോള്‍ റിയാന്‍ ചിന്തിച്ചത്. 70 ഡോളര്‍ ഉണ്ടെങ്കില്‍ ആഫ്രിക്കയില്‍ കിണര്‍ കുഴിക്കാന്‍ കഴിയുമെന്ന് ടീച്ചര്‍ പറഞ്ഞത് റിയാന്‍ ഓര്‍ത്തു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ റിയാന്‍ വളരെ ഗൗരവത്തോടെതന്നെ തനിക്ക് 70 ഡോളര്‍ വേണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ‘നിനക്കെന്തിനാണ് ഇത്രയും തുക?’ എന്ന അവരുടെ ചോദ്യത്തിന്, ‘ആഫ്രിക്കയില്‍ കിണര്‍ കുഴിക്കാന്‍’, എന്ന മറുപടിയാണ് റിയാന്‍ നല്‍കിയത്. തന്റെ ചോദ്യത്തിന് അച്ഛനും അമ്മയും വേണ്ടത്ര പരിഗണന നല്കിയില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുറിയാന്‍ അന്നു രാത്രിയിലും പിറ്റേന്നും തന്റെ ആവശ്യം ആവര്‍ത്തിച്ചു. ഒപ്പം പറഞ്ഞു, ‘നിങ്ങള്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല നല്ല വെളളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയിലെ കുട്ടികള്‍ മരിക്കുകയാണ്.’, ഇത്രയും പറഞ്ഞപ്പോള്‍ റിയാന്റെ തൊണ്ടയിടറി കണ്ണുകള്‍ നിറഞ്ഞു.

മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ച് പറഞ്ഞു, ‘നീ കാര്യമായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞതല്ലേ, ഒരു കാര്യം ചെയ്യ് നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ സമ്പാദിക്ക്. അല്ലാതെ പണം വെറുതെ തരില്ല.’ റിയാന്‍ സമ്മതിച്ചു. റിയാന്റെ ആരംഭശൂരത്വം രണ്ടുദിവസം കഴിഞ്ഞാല്‍ ഇല്ലാതാകും എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ റിയാന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ജനലുകള്‍ തുടയ്ക്കുക, വാക്വം ക്ലീനര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുക, മുറ്റം വൃത്തിയാക്കുക, മഞ്ഞുവീഴ്ചയില്‍ വീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്യുക, മുത്തച്ഛന് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പൈന്‍മരക്കായകള്‍ കൊണ്ടുവരുക തുടങ്ങി റിയാന്‍ അവനെക്കൊണ്ട് പറ്റുന്ന കൊച്ചുകൊച്ചു ജോലികള്‍ ചെയ്തുതുടങ്ങി. അതിനെല്ലാം മാതാപിതാക്കള്‍ ഒന്നും രണ്ടും ഡോളറുകളായി നല്‍കുന്ന കൂലി അവന്‍ ഒരു ബിസ്‌ക്കറ്റ് ടിന്നില്‍ നിക്ഷേപിച്ചു. ഇടയ്‌ക്കെല്ലാം അത് എണ്ണി 70 ഡോളര്‍ തികയ്ക്കാന്‍ എത്രവേണം എന്ന് കണക്കുകൂട്ടി. ഒരുദിവസം പരീക്ഷയില്‍ മികച്ച മാര്‍ക്കുനേടി പ്രോഗ്രസ്സ് കാര്‍ഡുമായി വന്ന റിയാന് അച്ഛനും അമ്മയും നല്‍കിയ അഞ്ചു ഡോളറും അവന്‍ തന്റെ സമ്പാദ്യത്തില്‍ നിക്ഷേപിച്ചു. അങ്ങനെ നാലുമാസംകൊണ്ട് റിയാന്റെ സമ്പാദ്യം 70 ഡോളറും പിന്നെ അല്പം ചില്ലറയുമായി ഉദ്ദേശിച്ച തുകയെത്തി.

പക്ഷേ, ആ പണം ഉപയോഗിച്ച് ആഫ്രിക്കയില്‍ എങ്ങനെ കിണര്‍ കുഴിക്കും എന്ന് റിയാന് അറിയില്ലായിരുന്നു. അമ്മ അവന്റെ സഹായത്തിനെത്തി. അവര്‍ റിയാന്റെ സ്‌കൂളിലെത്തി വിവരം അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. അന്വേഷണം തുടര്‍ന്നപ്പോള്‍ അമ്മയുടെ ഒരു സുഹൃത്തില്‍ നിന്നാണ് ദരിദ്രരാജ്യങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘വാട്ടര്‍ ക്യാന്‍’ എന്ന സംഘടനയെക്കുറിച്ച് അറിയുന്നത്. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ടിന്നിലെ സമ്പാദ്യവുമായി കൊച്ചുറിയാന്‍ വാട്ടര്‍ ക്യാന്‍ സംഘടനയിലേക്ക് പുറപ്പെട്ടു. സംഘടനയിലെ അംഗങ്ങള്‍ റിയാന്റെ പ്രവര്‍ത്തനത്തില്‍ അവനെ അഭിനന്ദിച്ചു ഒപ്പം ഒരുകാര്യം കൂടി പറഞ്ഞു, അവന്‍ സമ്പാദിച്ച 70 ഡോളര്‍ കിണറിന്റെ ഒരു ഹാന്‍ഡ് പമ്പ് നിര്‍മ്മിക്കാന്‍ മാത്രമേ തികയൂ. ചുരുങ്ങിയത് 2,000 ഡോളറെങ്കിലും വേണം ആഫ്രിക്കയിലെ കിണര്‍ നിര്‍മ്മാണത്തിന്. പക്ഷേ, കൊച്ചുറിയാന്‍ തളര്‍ന്നില്ല. 2,000 ഡോളറിനുവേണ്ടി താന്‍ ഇനിയും ജോലിചെയ്യാന്‍ തയ്യാറാണ് എന്ന് ആ കുഞ്ഞുമനസ്സ് ഉറക്കെ വിളിച്ചുപറഞ്ഞു.

ആയിടെ അമ്മ സൂസന്‍ റിയാന്റെ ശ്രമത്തെക്കുറിച്ച് തന്റെ ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചു. ഒരു ജേര്‍ണലിസ്റ്റ് കൂടിയായിരുന്ന ബന്ധു ‘പരിവര്‍ത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍’ എന്ന തലവാചകത്തോടെ ഒരു പ്രാദേശിക പത്രത്തില്‍ അത് വാര്‍ത്തയാക്കി. വാര്‍ത്തയ്ക്ക് നല്ല പ്രതികരണമുണ്ടായി. മാര്‍ഗരറ്റ് എന്ന തൊണ്ണൂറ് വയസ്സുള്ള ഒരു മുത്തശ്ശി റിയാന്റെ ശ്രമത്തിനുളള ആദ്യസംഭാവനയായി 25 ഡോളറിന്റെ ചെക്ക് അയച്ചുകൊടുത്തു. ഏഴുവയസ്സുളള കൊച്ചുറിയാന് ചെക്ക് എങ്ങനെയാണ് പണമാക്കുക എന്നുപേലും അറിയില്ലായിരുന്നു. ആ പ്രാദേശികവാര്‍ത്ത പിന്നീട് മറ്റുപത്രക്കാരും ചാനലുകാരും ഏറ്റെടുത്തു. വാര്‍ത്തകണ്ട് കിഴക്കന്‍ ഒണ്ടേറിയോവിലെ കുഴല്‍ക്കിണര്‍ കമ്പനിയുടമയായ വാള്‍ട്ടര്‍ തന്റെ കമ്പനിയിലേക്ക് റിയാനെയും കുടുംബത്തെയും ക്ഷണിച്ചു. ഒപ്പം റിയാന്റെ സംരംഭത്തിനായി നല്ലൊരു തുകയുടെ ചെക്കും നല്‍കി.

ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്‍ക്ക് ക്ഷണിച്ചുതുടങ്ങി. നിറഞ്ഞ സദസ്സിനുമുന്നില്‍ കൊച്ചുറിയാന്‍ തന്റെ ഭാഷയില്‍ താന്‍ അറിഞ്ഞ ആഫ്രിക്കയിലെ കുട്ടികളുടെ ജീവിതം വിവരിച്ചു. മാസങ്ങള്‍ക്കുളളില്‍തന്നെ 2,000 ഡോളര്‍ റിയാന്‍ സമ്പാദിച്ചു. റിയാന്റെ ശ്രമത്തെ അവന്‍പോലുമറിയാതെ സമൂഹം ഏറ്റെടുക്കുകയായിരുന്നു. പണവുമായി റിയാന്‍ വീണ്ടും വാട്ടര്‍ ക്യാന്‍ സംഘടനയെ സമീപിച്ചു. ആഫ്രിക്കന്‍രാജ്യങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘കനേഡിയന്‍ ഫിസിഷ്യന്‍സ് ഫോര്‍ എയ്ഡ് ആന്‍ഡ് റിലീഫ്’ (CPAR) എന്ന സംഘടന വഴി വാട്ടര്‍ ക്യാന്‍ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു. സംഘടനയിലെ ഉഗാണ്ടന്‍ പ്രതിനിധി ഗിസ്സോ ഷിബ്രുവിനെ വാട്ടര്‍ ക്യാന്‍ റിയാനു പരിചയപ്പെടുത്തി. കുഴല്‍ക്കിണര്‍ ഏതെങ്കിലും സ്‌കൂളിനടുത്ത് കുഴിക്കണം അങ്ങനെയാണെങ്കില്‍ കുട്ടികള്‍ക്ക് വെളളം കുടിക്കാമല്ലോ എന്ന റിയാന്റെ ആഗ്രഹത്തെ ഷിബ്രു അംഗീകരിച്ചു. വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂള്‍ പരിസരം കിണര്‍നിര്‍മ്മാണത്തിന് തിരഞ്ഞെടുക്കുകയും ചെയ്തു.

പക്ഷേ, പണി പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. ഭൂമിതുരന്ന് കിണര്‍ കുഴിക്കാന്‍ 20 ഓളം ആളുകള്‍ മാസങ്ങളോളം കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണര്‍ നിര്‍മ്മാണം നടക്കൂ. വേഗത്തില്‍ പണി നടക്കണമെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിംഗ് യന്ത്രങ്ങള്‍ വേണം. അത് അവരുടെ കൈയിലില്ല. വാങ്ങണമെങ്കില്‍ 25,000 ഡോളര്‍ ചെലവ് വരും. ഷിബ്രു പറഞ്ഞുതീരും മുമ്പുതന്നെ വന്നു റിയാന്റെ ആത്മവിശ്വാസം തുളുമ്പുന്ന മറുപടി ‘ഞാനത് ഉണ്ടാക്കാം.’ റിയാന്റെ അചഞ്ചലമായ ആ മനോദാര്‍ഢ്യത്തിന് മുന്നില്‍ ഇന്നു മുതല്‍ പദ്ധതിക്കുവേണ്ടി തങ്ങളും മുന്നിട്ടിറങ്ങുകയാണ് എന്ന തീരുമാനമാണ് മാതാപിതാക്കള്‍ എടുത്തത്. അമ്മ സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് റിയാന്റെ പദ്ധതിയെക്കുറിച്ച് വിശദമായി എഴുതി. കത്തിന് പ്രതികരണമുണ്ടായി ഫോട്ടോ സഹിതം റിയനാനെക്കുറിച്ചുളള വാര്‍ത്ത പത്രത്തില്‍ വന്നു. തുടര്‍ന്ന് ഒട്ടാവ ടി.വിയില്‍ റിയാന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തു. റിയാന് പിന്തുണയുമായി സമൂഹത്തിലെ പലരും രംഗത്തെത്തി. അങ്ങനെ ഡ്രില്ലിംഗ് യന്ത്രം വാങ്ങുകയും റിയാന്റെ സ്വപ്നം സാക്ഷാത്കാരത്തിന്റെ പാതയിലെത്തുകയും ചെയ്തു.

ഇതിനിടെ സ്‌കൂളിലെ ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം റിയാനും സ്‌കൂളിലെ മറ്റു കുട്ടികളും അംഗോളോ സ്‌കൂളിലെ കുട്ടികള്‍ക്ക് കത്തുകളെഴുതി അവരുമായി തൂലികാ സൗഹൃദം ആരംഭിച്ചു. ഇജഅഞ സംഘടന വഴിയാണ് കത്തുകള്‍ അയച്ചത്. ആദ്യകത്തിന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ മറുപടി വന്നു. അതിലൊന്ന് റിയാനുളളതായിരുന്നു. അകാന ജിമ്മി എന്ന എട്ടുവയസ്സുകാരന്‍ റിയാന് എഴുതിയത്. ഒപ്പം ജിമ്മിയുടെ ഫോട്ടോയും. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. കത്തുകളിലൂടെ ആ സൗഹൃദം വളര്‍ന്നു.

ഇരുണ്ട വന്‍കരയുടെ മിക്ക ഉള്‍നാടന്‍ പ്രദേശങ്ങളും ഇന്നും തീരാപ്പട്ടിണിയുടെയും ദുരിതത്തിന്റെയും പിടിയിലാണ്. കുടിക്കാന്‍ വെളളമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ ഞെരിഞ്ഞമരുന്ന ജനത. ഒപ്പം ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി (LRA) എന്ന് കുപ്രസിദ്ധ തീവ്രവാദി സംഘം നടത്തുന്ന കലാപത്തിന്റെ ഭീകരതയും. കുട്ടികളായിരുന്നു കലാപകാരികളുടെ ഇരകള്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയി സംഘത്തില്‍ചേര്‍ത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കും. എതിര്‍ക്കുന്നവരെ വെടിവെച്ചുകൊല്ലും. ഇതുതന്നെയായിരുന്നു ജിമ്മിയുടെയും അവസ്ഥ. കലാപകാരികള്‍ ജിമ്മിയുടെ മാതാപിതാക്കളുടെ ജീവനെടുത്ത് അവനെ അനാഥനാക്കി. തുടര്‍ന്ന് അവന്‍ അമ്മായിയുടെ പരിചരണത്തില്‍ കഴിയുന്ന കാലത്താണ് റിയാന്റെ ദൗത്യകേന്ദ്രമായി അംഗോളോ സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അങ്ങനെ 1999 ല്‍ റിയാന്റെ കിണര്‍നിര്‍മ്മാണം പൂര്‍ത്തിയായി. റിയാന്‍ നല്‍കിയ തെളിനീരിന് നിറകണ്ണുകളുളോടെ ജിമ്മി കത്തിലൂടെ റിയാന് നന്ദിപറഞ്ഞു. ആ നന്ദി ഒരു സമൂഹത്തിന്റേതും കൂടിയായിരുന്നു.

റിയാന്റെ അയല്‍ക്കാരായ ബ്രൂസ് പൈന്റര്‍-ബേവ് പൈന്റര്‍ ദമ്പതികള്‍ ആവര്‍ഷത്തെ ക്രിസ്തുമസ്സിന് റിയാന് ഒരു സമ്മാനം നല്‍കി. റിയാനും കുടുംബത്തിനും ആഫ്രിക്കയിലേക്ക് പോകാനുളള വിമാനടിക്കറ്റ്; അവന്‍ നിര്‍മ്മിച്ച കിണര്‍ കാണാനുളള അവസരം. പക്ഷേ, മടക്കയാത്രയ്ക്കും മറ്റു ചെലവുകള്‍ക്കും റിയാന്റെ കുടുംബംതന്നെ പണം കണ്ടെത്തണം. റിയാന്റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച സിറ്റിസണ്‍പത്രം അവിടെയും തുണച്ചു. അവര്‍ ഒരു പരസ്യം നല്‍കി. റിയാന് ആഫ്രിക്കയിലെ കിണര്‍ കാണാന്‍ പോകാനുളള യാത്രചെലവിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചുളള പരസ്യം. ആ പരസ്യത്തിന് മറുപടിയായി റിയാനും കുടുംബത്തിനുമുളള ടിക്കറ്റ് റെഡിയായി. യാത്രാച്ചെലവുകള്‍ വാട്ടര്‍ ക്യാന്‍ സംഘടനയും ഏറ്റെടുത്തു.

2000 ജൂലൈ 27 ന് റിയാന്‍ അംഗോളോ ഗ്രാമത്തിലെത്തി. അവിടെയെത്തിയ റിയാന്‍ കണ്ടത് കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ച് ഉത്സാവന്തരീക്ഷം അലതല്ലുന്ന ഗ്രാമമാണ്. കൊച്ചുറിയാനെ ആ ഗ്രാമവാസികള്‍ സ്വീകരിച്ചത് സ്വന്തം നെഞ്ചോടു ചേര്‍ത്തായിരുന്നു. ജീപ്പില്‍ ഗ്രാമത്തിലെത്തിയ അവനെ കണ്ട് ജനങ്ങള്‍ റിയാന്‍… റിയാന്‍ എന്ന് ആര്‍ത്തുവിളിച്ച് തങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച അവന്‍ കണ്ടു പൂക്കള്‍കൊണ്ട് അലങ്കരിച്ച കുഴല്‍ക്കിണര്‍, അതിന്റെ ഉയരത്തിലുളള പ്ലാറ്റ്‌ഫോമിന്റെ കോണ്‍ക്രീറ്റ് തറയില്‍ കൊത്തിവച്ച അക്ഷരങ്ങള്‍, ”റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂളിനുവേണ്ടി റിയാന്‍ ഹ്രെല്‍ജാക്ക് നിര്‍മ്മിച്ചത്.” ഒരു രാജകുമാരനെപ്പോലെ റിയാനെ ജനങ്ങള്‍ സ്വീകരിക്കുന്നതുകണ്ട് അമ്മ സൂസന്റെ കണ്ണ് സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി. ആ ആള്‍ക്കൂട്ടത്തിനിടയില്‍ റിയാന്റെ കണ്ണ് അപ്പോള്‍ ജിമ്മിയെ തിരയുകയായിരുന്നു. പെട്ടെന്ന് അവനുചുറ്റും നിന്ന് കൈയടിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടുവന്ന ജിമ്മിയെ റിയാന്‍ തിരിച്ചറിഞ്ഞു. പരസ്പരം കൈകൊടുത്തു, മുറുകെപ്പുണര്‍ന്നു. അത് വെറുമൊരു ആശ്ലേഷം മാത്രമായിരുന്നില്ല, തന്റെ ആത്മസുഹൃത്തായി സഹോദരനായി ജിമ്മിയെ ജീവിതത്തിലേക്ക് ഒപ്പംകൂട്ടിയതിന്റെ പ്രതീകം കൂടിയായിരുന്നു.

ജിമ്മിയെക്കുറിച്ചുളള വിശദാംശങ്ങള്‍ ഇവിടെ തീരുന്നില്ല. ആ ഗ്രാമത്തില്‍ ജിമ്മിയെ പിന്നീട് തീവ്രവാദി സംഘടന പിടിച്ചുകൊണ്ടുപോയി. പ്രാണരക്ഷാര്‍ത്ഥം ജിമ്മി അവരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ടോടി. വീണ്ടും ജിമ്മിയെ തിരഞ്ഞുവന്ന സംഘടനയില്‍നിന്ന് അവനെ രക്ഷിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി റിയാന്റെ മാതാപിതാക്കള്‍ അവനെ കാനഡയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഹ്രെല്‍ജാക്ക് കുടുംബത്തിന്റെ പേരുകൂടി ചേര്‍ത്ത് റിയാന്റെ മാതാപിതാക്കള്‍ ജിമ്മിയെ സ്വന്തം മകനായി വളര്‍ത്തിയതുമെല്ലാം വിശദമായി തന്നെ പുസ്തകത്തിലുണ്ട്.

ഇന്ന് റിയാന് 24 വയസ്സ്. ഒരു കുഴല്‍കിണര്‍ നിര്‍മ്മാണത്തിനുവേണ്ടി ഒന്നാംക്ലാസ്സുകാരന്‍ നടത്തിയ പരിശ്രമം ഇന്ന് ‘റിയാന്‍സ് വെല്‍ ഫൗണ്ടേഷന്‍’ എന്ന ആഗോളപ്രസ്ഥാനമായി മാറിക്കഴിഞ്ഞു. 2001 ല്‍ രൂപം കൊടുത്ത ഫൗണ്ടഷന്‍ ഈ കാലയളവിനുളളില്‍ പതിനാറോളം രാജ്യങ്ങളിലായി 680 കിണറുകള്‍, 715 ശൗചാലയങ്ങള്‍, ഏഴുലക്ഷത്തില്‍പരം ആളുകള്‍ക്ക് സഹായം എന്നിവ നല്‍കിക്കഴിഞ്ഞു. ഇതിനുപുറമെ ആരോഗ്യ ശുചിത്വ പദ്ധതികളും വിദ്യാഭ്യാസ പദ്ധതികളും, യുവജനപരിപാടികളുമായി റിയാന്‍സ് വെല്‍ ഫൗണ്ടേഷന്‍ പ്രയാണം തുടരുകയാണ്. എല്ലാത്തിനും റിയാന്റെ വലംകൈയായി ജിമ്മിയും.

നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഈ കൊച്ചു പുസ്തകം വായിച്ചുതീര്‍ക്കാനാവില്ല. ദൈവം പ്രവര്‍ത്തിക്കുന്നത് മനുഷ്യരിലൂടെയാണെങ്കില്‍ റിയാന്‍ അതിന്റെ സാക്ഷ്യപത്രമാണ്. കളങ്കമേതുമില്ലാത്ത ഒരു കുഞ്ഞുമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് റിയാന്റെ ജീവിതം. ഈശ്വരന്‍ കൈയൊപ്പു ചാര്‍ത്തിയ അനേകം ഹൃദയങ്ങളില്‍ ഒന്നിന്റെ ഉടമ. ആഫ്രിക്കയിലെ ജനങ്ങള്‍ നേരിടുന്ന അതേ അവസ്ഥ ലോകത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ ഈ കൊച്ചുകേരളത്തിലും ജനങ്ങളും അനുഭവിക്കുന്നുണ്ട്. ഒരുവിഭാഗം ഒരുനേരത്തെ ഭക്ഷണത്തിനായി കേഴുമ്പോള്‍ മറ്റൊരുവിഭാഗം സുഭിക്ഷതയുടെ ആലസ്യത്തില്‍ അത് വലിച്ചെറിയുന്നു. സ്വന്തം മക്കള്‍ക്ക് അവര്‍ ചോദിക്കുന്നതെന്തും അതവര്‍ക്ക് വേണോ വേണ്ടയോ എന്ന് ചിന്തിക്കാതെ എത്ര പണം കൊടുത്തും വാങ്ങിനല്‍കുന്ന അച്ഛനമ്മമാര്‍ റിയാന്റെ മാതാപിതാക്കളെ മാതൃകയാക്കണം. കൊച്ചുറിയാന്റെ ആവശ്യത്തിനുമുന്നില്‍ അവനെ നിരുത്സാഹപ്പെടുത്താതെ അധ്വാനത്തിന്റെയും ധനസമ്പാദനത്തിന്റെയും പ്രാഥമിക പരീക്ഷയാണ് അവര്‍ റിയാനുമുന്നില്‍ നടത്തിയത്. അതില്‍ വിജയിച്ച റിയാനെ സഹായിക്കാന്‍ പിന്നീട് അവര്‍ തന്നെ മുന്നിട്ടിറങ്ങി. സ്വന്തം ഹൃദയത്തില്‍നിന്ന് ഉറവപൊട്ടിയ കാരുണ്യത്തിന്റെ തെളിനീരാണ് റിയാന്‍ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. ആ കുഞ്ഞുമനസ്സില്‍ തെളിഞ്ഞ നന്മയുടെ തിരിനാളം അണയാതെ ഇന്നും പ്രകാശിക്കുകയാണ്; ഒരുപാട് ജിവിതങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇരുട്ടിനെ അകറ്റി വെളിച്ചം നിറച്ചുകൊണ്ട്.

തയ്യാറാക്കിയത്: ധന്യ എം ടി