Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

വിതുരയില്‍ ചരിഞ്ഞ പിടിയാനയുടെ കുട്ടിയെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

വിതുര: കഴിഞ്ഞ ദിവസം വിതുരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചരിഞ്ഞ നിലയില്‍ കാണപ്പെട്ട പിടിയാനയുടെ സമീപം കുസൃതി കാണിച്ച് നിന്ന കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചരിഞ്ഞ പിടിയാനയെ തൊട്ടും തലോടിയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു.

സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കുട്ടിയാനയെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ഉച്ചയോടെ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.

ശാരീരിക പ്രശ്‌നങ്ങളോ അവശതയോ ഇല്ലെങ്കിലും ഇനി കുറച്ചു നാള്‍ കുട്ടിയാന നിരീക്ഷണത്തില്‍ കഴിയും. ഞായറാഴ്ച കൂടുതല്‍ പരിശോധന നടത്തും. ആനക്കുട്ടിക്ക് എല്ലാവിധ പരിചരണവും നല്‍കാന്‍ സൗകര്യമുണ്ടെന്നും രണ്ടാഴ്ച നിരീക്ഷിച്ച ശേഷമേ പൊതുജനങ്ങള്‍ക്ക് കുട്ടിയാനയെ കാണുവാനുള്ള സൗകര്യം ഉള്‍പ്പെടെ ആലോചിക്കുകയുള്ളൂ എന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ. പ്രദീപ്കുമാര്‍, പാലോട് റെയിഞ്ച് ഓഫീസര്‍ അജിത്ത് കുമാര്‍, കോട്ടൂര്‍ കാപ്പുകാട് ഫോറസ്റ്റ് ഡെപ്യൂട്ടി വാര്‍ഡന്‍ സതീശന്‍, വെറ്റിനറി ഡോക്ടര്‍ ഷിജു, റാപിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് ആനക്കുട്ടിയെ കാപ്പുകാട് എത്തിച്ചത്.

കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ നിലവില്‍ നാല് കുട്ടിയാനകളാണ് ഉണ്ടായിരുന്നത്. ഈ കുട്ടിയാന കൂടി എത്തിയപ്പോള്‍ അഞ്ചെണ്ണമായി. കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ മൊത്തം 16 ആനകളാണ് ഉള്ളത്.