Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് പൂട്ടാന്‍ കലക്ടറുടെ നിര്‍ദേശം

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ എളിമ്പിലേരിയിലെ റിസോര്‍ട്ട് പൂട്ടാന്‍ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു. റിസോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നു സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ പറഞ്ഞു. ഇന്നു റവന്യുപഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ടിനു താഴിടും.

ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം എളിമ്പിലേരിയിലെ റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിനി ഷഹാന (26) കൊല്ലപ്പെട്ടത്. നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കുണ്ട്. തലയുടെ പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ ഉച്ചയോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭര്‍ത്താവ് ലിഷാമും മറ്റു ബന്ധുക്കളും മേപ്പാടിയിലെത്തിയിരുന്നു.

കോഴിക്കോട് പേരാമ്പ്ര ദാറുല്‍ നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അധ്യാപികയാണു ഷഹാന. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ടില്‍ പ്രകൃതി ക്യാമ്പിന് എത്തിയത്. അസ്വാഭാവിക മരണത്തിനു മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.