Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

നിഴല്‍രൂപങ്ങളില്‍ ഇതള്‍ വിരിയുന്ന കലാപൂര്‍ണതയ്ക്ക് പദ്മശ്രീ പുരസ്‌കാര നിറവ്

ഷൊര്‍ണൂര്‍: തോല്‍പ്പാവക്കൂത്ത് എന്ന കലാരൂപത്തെ ക്ഷേത്രങ്ങളിലെ കൂത്തുമാടത്തില്‍നിന്ന് സാധാരണക്കാരന്റെ മുന്നിലേക്കെത്തിച്ച് ജനകീയമാക്കിയ കലാകാരനാണ് കൂനത്തറ രാമചന്ദ്രപുലവര്‍. പാലക്കാടിന് അകത്തും പുറത്തുമായി 45 ക്ഷേത്രങ്ങളില്‍ രാമചന്ദ്രപുലവരും സംഘവും രാമായണം തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. പുരാണകഥയില്‍നിന്ന് വ്യത്യസ്തമായി ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലിചരിതം, ചണ്ഡാലഭിക്ഷുകി, എച്ച്.ഐ.വി. ബോധവത്കരണം, കൊറോണക്കൂത്ത് തുടങ്ങിയ കഥകള്‍ പാവക്കൂത്തിലൂടെ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പുരാതനരൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാന്‍ വീട്ടില്‍ പാവകളി തിയേറ്റര്‍ നിര്‍മിച്ചും കലാരൂപം അവതരിപ്പിക്കുന്നുണ്ട്.

1960 മേയ് 25ന് ഷൊര്‍ണൂരിനടുത്ത് കൂനത്തറ ഗ്രാമത്തിലാണ് ജനനം. തോല്‍പ്പാവക്കൂത്ത് കലാകാരന്‍ പരേതനായ കൃഷ്ണന്‍കുട്ടി പുലവരുടെയും പരേതയായ ഗോമതിയമ്മയുടെയും മകനാണ് അറുപതുകാരനായ രാമചന്ദ്രപുലവര്‍. പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്ന രാമചന്ദ്രപുലവര്‍ അച്ഛന്റെ മരണശേഷം ജോലി രാജിവെച്ചാണ് മുഴുവന്‍ സമയവും തോല്‍പ്പാവക്കൂത്തിന് ജീവിതം സമര്‍പ്പിച്ചത്. പരമ്പരാഗത പാവകളികുടുംബത്തിലെ അംഗമായ അദ്ദേഹം അച്ഛനില്‍നിന്ന് പാവകളി അഭ്യസിച്ചു. റഷ്യ, സ്വീഡന്‍, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ‘തോല്‍പ്പാവക്കൂത്ത്’ എന്ന പുസ്തകവും രചിച്ചു. 1991ല്‍ ജൂനിയര്‍ ഫെലോഷിപ്പ് ലഭിച്ചു.

പാവകളിരംഗത്തെ മികച്ച സേവനത്തിന് 2008 ല്‍ മദര്‍സ് ക്രാഫ്റ്റ് ഫൗണ്ടേഷനില്‍നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ്, എക്‌സലന്‍സ് അവാര്‍ഡ്, ദക്ഷിണചിത്ര വിര്‍ദു ബഹുമതി, 2011ല്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ പുരസ്‌കാര്‍, കേരള ഫോക് ലോര്‍ അക്കാദമി പുരസ്‌കാരം, 2012ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ സംസ്ഥാന അവാര്‍ഡ് എന്നിവ നേടി.

കേരള സംസ്ഥാന സംഗീതനാടക അക്കാദമി കലാശ്രീ പുരസ്‌കാരം, തോല്‍പ്പാവക്കൂത്തിലെ സംഭാവനയ്ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: രാജലക്ഷ്മി. മക്കള്‍: രാജീവ് പുലവര്‍, രജിത, രാഹുല്‍. മൂവരും തോല്‍പ്പാവക്കൂത്ത് കലാരംഗത്ത് സജീവമാണ്. മരുമക്കള്‍: സുരേഷ്, അശ്വതി.